കാല്‍ ലക്ഷം പേര്‍ക്ക് ജില്ലയില്‍ ഉപരിപഠനത്തിന് സീറ്റില്ല

മലപ്പുറം: എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നതോടെ ജില്ലയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെക്കുറിച്ച് ആശങ്ക. 79,816 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയില്‍ പ്ളസ് വണ്‍, വി.എച്ച്.എസ്.ഇ, പോളി ടെക്നിക്ക്, ഐ.ടി.ഐകളിലെ ആകെ സീറ്റുകളുടെ എണ്ണം 54,430 മാത്രമാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് 25,386 പേര്‍ക്ക് ജില്ലയില്‍ ഉപരിപഠനത്തിന് സ്കൂളുകളില്ല. സേ പരീക്ഷയെഴുതുന്നവരുടെ ഫലം പുറത്തുവന്നാല്‍ വിജയികളുടെ എണ്ണം കൂടാനാണ് സാധ്യത. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പ്രകാരം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പുറത്തുവരുന്നവര്‍ കൂടി ചേരുന്നതോടെ എണ്ണം വീണ്ടും കൂടും. ബാക്കിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം റെക്കോഡ് വിജയം നേടിയ മലപ്പുറം ജില്ലയില്‍ ആവശ്യത്തിന് സീറ്റില്ലാതായതോടെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം അരങ്ങേറിയിരുന്നു. തുടര്‍ന്ന് സ്കൂളുകളും അധികബാച്ചുകളും അനുവദിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് പ്രവേശം ലഭിച്ചത്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളില്‍ 240 സ്കൂളുകളിലായി 985 ബാച്ചുകളും 49,686 സീറ്റുകളുമാണ് പ്ളസ്വണ്ണിനായുള്ളത്. 27 വി.എച്ച്.എസ്.ഇകളിലായി 87 ബാച്ചുകളും 2175 സീറ്റുമുണ്ട്. നാല് സര്‍ക്കാര്‍ പോളിയിലും മൂന്ന് സ്വാശ്രയ പോളിയിലും 1494 സീറ്റും ആറ് സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 1087 സീറ്റുമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.