നിലമ്പൂര്‍: പാതിവഴിയില്‍ നിര്‍ത്തിവെച്ച ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം കോളനിയിലെ വീടുകളുടെ നിര്‍മാണ പ്രവൃത്തി ഏപ്രില്‍ 25നകം തുടങ്ങുമെന്നുള്ള കലക്ടറുടെ ഉറപ്പും പാലിക്കപ്പെടാതെ വന്നതോടെ കോളനിവാസികള്‍ നിലമ്പൂരിലെ പട്ടികവര്‍ഗ ഓഫിസ് പൂട്ടി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ജീവനക്കാരെ ഉള്ളിലാക്കി ഓഫിസിന്‍െറ താഴത്തെ മുറി ആദിവാസികള്‍ പുതിയ താഴ് വാങ്ങി പൂട്ടിയത്. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പെരുവമ്പാടം കോളനിയിലെ ആദിവാസികള്‍ പട്ടിക വര്‍ഗ ഓഫിസ് പൂട്ടി സമരം തുടങ്ങിയത്. വീടുകളുടെ പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇത് അഞ്ചാം തവണയാണ് ഇതേ ഓഫിസില്‍ ഇവര്‍ സമരം ചെയ്യുന്നത്. ഏപ്രില്‍ 16ന് ഇവിടെ നടത്തിയ നിരാഹാരസമരം രാത്രി ഒമ്പതരയോടെയാണ് അവസാനിച്ചത്. ഏപ്രില്‍ 25 നകം വീടുകളുടെ പ്രവൃത്തി തുടങ്ങുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഫോണ്‍ വഴി ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഓഫിസ് പൂട്ടിയിട്ട് സമരം തുടങ്ങിയത്. 2013-2014 വര്‍ഷത്തിലാണ് കോളനിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരു കോടി രൂപ ഫണ്ട് അനുവദിച്ചത്. 64 കുടുംബങ്ങളുള്ള കോളനിയില്‍ ഹാംലെറ്റ് പദ്ധതി പ്രകാരം 20 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരം തുടങ്ങിയ വീടുകളുടെ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്. ഇതിനകം 65 ലക്ഷം രൂപ പ്രവൃത്തി ഏറ്റെടുത്ത നിര്‍മിതി കേന്ദ്രത്തിന് ഐ.ടി.ഡി.പി കൈമാറി. പദ്ധതി തുകയുടെ 75 ശതമാനത്തോളം തുകയാണ് കൈമാറിയത്. എന്നാല്‍ ഒരു വീടിന്‍െറ പോലും നിര്‍മാണം പൂര്‍ത്തിയായില്ല. വീടുകളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായാല്‍ ഉടനെ ബാക്കി തുക അനുവദിക്കുമെന്ന് ഐ.ടി.ഡി.പി അറിയിച്ചെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍മിതി കേന്ദ്രം തയ്യാറായിട്ടില്ല. നിര്‍മാണത്തിനു വേണ്ടി ഉണ്ടായിരുന്ന കൂരകള്‍ പൊളിച്ചുമാറ്റിയതിനാല്‍ ഇവര്‍ക്ക് ഫലത്തില്‍ പാര്‍പ്പിടവുമില്ലാതായി. മേയ് പത്തിന് മുമ്പ് വീടുകളുടെ നിര്‍മാണ പ്രവൃത്തി തുടങ്ങുമെന്ന് നിര്‍മിതി കേന്ദ്രം മാനേജര്‍ ഉറപ്പ് നല്‍കിയതോടെയാണ് ബുധനാഴ്ച നടത്തിയ സമരം ആദിവാസികള്‍ അവസാനിപ്പിച്ചത്. പ്രവൃത്തി ഏറ്റെടുത്ത നിര്‍മിതി കേന്ദ്രം ആദ്യമായാണ് ഈ കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതെന്നും ഈ ഉറപ്പ് പാലിക്കാതെ വന്നാല്‍ തങ്ങളുടെ താമസം പട്ടികവര്‍ഗ ഓഫിസിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ആദിവാസികള്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.