ഒരാഴ്ചക്കകം പരിഹാരത്തിന് തീരുമാനം

നിലമ്പൂര്‍: ആദിവാസി ക്ഷേമത്തിനായുള്ള സംസ്ഥാന നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നിലമ്പൂര്‍ ചന്തക്കുന്നിലെ വനംവകുപ്പ് ഡോര്‍മെറ്ററിയിലാണ് ജില്ലയിലെ ആദിവാസികളുടെ ക്ഷേമത്തിനായി ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നതിന്‍െറ ഭാഗമായി യോഗം വിളിച്ചത്. മാവോവാദി പ്രതിരോധസേനയുടെ ചുമതലയുള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, മലപ്പുറം സബ് കലക്ടര്‍, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. കോളനികളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകള്‍ പദ്ധതി തയാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍െറ പ്രത്യേക അനുമതി ലഭിക്കേണ്ടവക്ക് അപേക്ഷകള്‍ നോഡല്‍ ഓഫിസര്‍ക്ക് നല്‍കണം. കുടിവെള്ളക്ഷാമം രൂക്ഷമായ കോളനികളില്‍ ഒരാഴ്ചക്കകം പരിഹാരം കാണും. ഇതിനായി ഗ്രാമപഞ്ചായത്തുകളും വനംവകുപ്പും പട്ടികവര്‍ഗ വകുപ്പും മുന്‍കൈയെടുക്കണം. കോളനിക്ക് സമീപത്തെ ജലസ്രോതസുകളില്‍നിന്ന് പൈപ്പ് വഴി കോളനികളില്‍ വെള്ളമത്തെിക്കണം. കോളനികളിലെ കുടിവെള്ള പദ്ധതികള്‍ക്ക് ഉടന്‍ വൈദ്യുതിയത്തെിക്കാനുള്ള നടപടി കൈക്കൊള്ളും. ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് പ്രോമോട്ടര്‍മാരെ നിയമിക്കുക, മഴക്കാലത്തിന് മുമ്പ് മണ്ണള്ളയില്‍ തൂക്ക് പാലം നിര്‍മിക്കുക, ആദിവാസികളെ ആശുപത്രിയിലത്തെിക്കുന്നതിന് ഐ.ടി.ഡി.പിക്ക് പ്രത്യേക വാഹനം അനുവദിക്കുക, ആദിവാസികളെ ആശുപത്രിയിലത്തെിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് വനപാതയിലൂടെയുള്ള യാത്രക്ക് നിരക്ക് വര്‍ധിപ്പിച്ച് നല്‍ക്കുക, പോത്തുകല്‍, കരുളായി, ചാലിയാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, ആദിവാസികളുടെ അഭിരുചിക്ക് അനുസരിച്ച് അവരുടെ ആവാസ സ്ഥലങ്ങളില്‍ തന്നെ തൊഴില്‍ യൂനിറ്റുകള്‍ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ ഉന്നയിച്ചു. യോഗത്തിന് ശേഷം പുഞ്ചക്കൊല്ലി,അളക്കല്‍ കോളനികള്‍ എ.ഡി.ജി.പി സന്ദര്‍ശിച്ചു. വനം, ആരോഗ്യം, റവന്യു, മോട്ടോര്‍ വാഹനം, എക്സൈസ്, പൊലീസ്,ഐ.ടി.ഡി.പി, ജല അതോറിറ്റി, പൊലീസ്, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.