ബാപ്പു വൈദ്യരുടെ വിയോഗം: വിടവാങ്ങിയത് സാമൂഹികരംഗത്തെ നിറസാന്നിധ്യം

മഞ്ചേരി: മഞ്ചേരിയുടെ മത-സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശനിയാഴ്ച നിര്യാതനായ വല്ലാഞ്ചിറ മുഹമ്മദ് എന്ന ബാപ്പുവൈദ്യര്‍. ആറര പതിറ്റാണ്ട് ആയുര്‍വേദ ചികിത്സാരംഗത്ത് മഹത്തായ സംഭാവന നല്‍കിയ ബാപ്പുവൈദ്യര്‍ സത്യസന്ധതയുടെ കാണപ്പെടുന്ന രൂപമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായിരുന്ന വല്ലാഞ്ചിറ ബാപ്പുവൈദ്യര്‍ ഇടക്കാലത്ത് മഞ്ചേരി ഘടകത്തിന്‍െറ സെക്രട്ടറി കൂടിയായിരുന്നു. മഞ്ചേരിയിലെ മസ്ജിദുല്‍ ഇമാം ശാഫി, മസ്ജിദ് മുബാറക്, മുബാറക് ഇംഗ്ളീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇശാഅത്തുല്‍ ഇസ്ലാം ട്രസ്റ്റ് സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. മഞ്ചേരി ഹിദായത്തുല്‍ മുസ്ലിം യതീംഖാന, സെന്‍ട്രല്‍ ജുമാമസ്ജിദ് തുടങ്ങിയ സംരംഭങ്ങളില്‍ വലിയ പങ്ക് വഹിച്ചു. ജീവിത വിശുദ്ധിയും സൗമ്യശീലവും മിതഭാഷണവും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബാപ്പുവൈദ്യരെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അനുസ്മരിച്ചു. ജാതി-മത ഭേദമന്യേ മലബാര്‍ ഭാഗത്ത് ആയുര്‍വേദ വൈദ്യന്മാര്‍ എല്ലാ മരുന്നുകളും നിര്‍ദേശിച്ചിരുന്നത് ബാപ്പുവൈദ്യരുടെ ആയുര്‍വേദ സ്ഥാപനത്തിലേക്കായിരുന്നു. ബാപ്പുവൈദ്യരുടെ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്ത സ്ഥാപനങ്ങള്‍ മഞ്ചേരിയിലും പരിസരങ്ങളിലും വിരളമാകും. കേരളത്തിന്‍െറ ഉന്നത കലാലയങ്ങള്‍ക്ക് സാമ്പത്തികമായും അല്ലാതെയും അത്താണിയായിരുന്നു ബാപ്പുവൈദ്യര്‍. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.