ഷാനിക്കിന്‍െറ പ്രോജക്ട് നടപ്പായാല്‍ എല്ലാം ശരിയാവും

മലപ്പുറം: ‘മോനേ ഈ നട്ടുച്ചക്ക് ഇവിടെ എന്ത് കാണാനാണ്, പൊരേ പോയ്ക്കൂടെ’. വെയില്‍ കത്തിയാളുമ്പോഴും കോട്ടക്കുന്നും പരിസരവും വിയര്‍ത്തൊലിച്ച് കണ്ടുനടന്ന ഷാനിക്കിനോട് ആ ദിവസങ്ങളില്‍ ചിലര്‍ ഇങ്ങനെ ചോദിച്ചു. ക്ഷീണിച്ച കണ്ണുകള്‍ പക്ഷേ കോട്ടക്കുന്ന് പാര്‍ക്കിന്‍െറ മാറ്റം തേടുകയായിരുന്നു. 26കാരന്‍െറ മനസ്സില്‍ പുതിയ സ്വപ്നങ്ങള്‍ കോട്ടകെട്ടി. ആ ഉള്‍ക്കാഴ്ച പിന്നീട് പ്രോജക്ടായി രൂപമണിഞ്ഞു. അതിന് പി. ഉബൈദുല്ല എം.എല്‍.എയുടെ പ്രോത്സാഹനവും ലഭിച്ചു. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയായിരുന്ന ഷാനിക് അവസാന വര്‍ഷ പ്രോജക്ടായി തെരഞ്ഞെടുത്തത് കോട്ടക്കുന്ന് പാര്‍ക്ക്. ആറുമാസം നീണ്ട ശ്രമത്തിനൊടുവില്‍ ഇത് പൂര്‍ത്തിയാക്കി. കേരളത്തിനകത്തും പുറത്തും നിരവധി പാര്‍ക്കുകള്‍ സന്ദര്‍ശിക്കുകയും ലോകത്തെ പ്രമുഖ പാര്‍ക്കുകളെ കുറിച്ച് പഠിക്കുകയും ചെയ്തു. കോട്ടക്കുന്നിലത്തെുന്ന സന്ദര്‍ശകരോട് സംസാരിച്ച് അഭിപ്രായങ്ങളും ശേഖരിച്ചു. ഇതിന്‍െറയെല്ലാം അടിസ്ഥാനത്തില്‍ കോട്ടക്കുന്ന് പാര്‍ക്കിനെ ഒരു സമ്പൂര്‍ണ പാര്‍ക്ക് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും സാന്നിധ്യത്തില്‍ ഡി.ടി.പി.സി ഹാളില്‍നടന്ന ചടങ്ങില്‍ ഇത് വിശദീകരിക്കുകയും ചെയ്തു. കോട്ടക്കുന്ന് പാര്‍ക്കിന് പരിഷ്കരണത്തിന്‍െറ 27 നിര്‍ദേശങ്ങളാണ് ഷാനിക് മുന്നോട്ടുവെക്കുന്നത്. കോട്ടക്കുന്നിന്‍െറയും ജില്ലയുടെയും ചരിത്രം പറയുന്ന മ്യൂസിയം, എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍, ജോഗിങ് ട്രാക്, സൈക്ളിങ് ട്രാക്, കോട്ടക്കുന്നിനെ 360 ഡിഗ്രിയില്‍ കാണുന്നതിനായി വാച്ചിങ് ടവര്‍ തുടങ്ങിയവ അതില്‍ ചിലത്. ഏകദേശം 10 കോടി രൂപയാണ് ഇതിനായി ചെലവിടേണ്ടി വരികയെന്നും പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം സന്ദര്‍ശകരുള്ള കോട്ടക്കുന്നില്‍നിന്ന് വളരെ വേഗം പണം തിരിച്ചു പിടിക്കാമെന്നും ഷാനിക് പറയുന്നു. എല്ലാം കേട്ടശേഷം പി. ഉബൈദുല്ല എം.എല്‍.എ ഷാനികിന്‍െറ തോളില്‍ തട്ടി അഭിനന്ദിച്ച് ഇങ്ങനെ പറഞ്ഞു, ‘തെരഞ്ഞെടുപ്പ് കഴിയട്ടെ എല്ലാം ശരിയാകും’. തിരൂര്‍ താനാളൂരിലെ പാറങ്ങോട്ടില്‍ ഹംസഹാജി-ഖദീജ ദമ്പതികളുടെ മകനായ ഷാനിക് ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അസി. പ്രഫസറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.