ചികിത്സയുടെ പേരില്‍ ഗാനമേള നടത്തി പണം തട്ടുന്നതായി പരാതി

മങ്കട: അവശരായി കിടപ്പിലായ രോഗികളെ സഹായിക്കാനെന്ന പേരില്‍ ഗ്രാമപ്രദേശങ്ങളിലും അങ്ങാടികളിലും ഗാനമേള നടത്തി പിരിവെടുക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. മങ്കട പരിസരങ്ങളില്‍ കഴിഞ്ഞ ദിവസം എത്തിയ ഗായകസംഘത്തിന്‍െറ സത്യാവസ്ഥ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കൂട്ടില്‍ പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ടത്തെിയ ഗായകസംഘം പാലക്കാട് ജില്ലയിലെ പുല്‍പറ്റയിലെ ഇരുകാലുകളും തളര്‍ന്ന് അവശനിലയില്‍ സഹായിക്കാനാളില്ലാതെ കഴിയുന്ന യുവാവിന്‍െറ ചികിത്സാ ഫണ്ടിലേക്കെന്ന് പറഞ്ഞാണ് പിരിവുതുടങ്ങിയത്. സംശയം തോന്നിയ നാട്ടുകാര്‍ സംഘം നല്‍കിയ നോട്ടീസിലും വാഹനത്തില്‍ പതിച്ച ഫ്ളക്സിലും നല്‍കിയ മൊബെല്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. വാര്‍ഡ് അംഗത്തിന്‍െറ പേരും ബോര്‍ഡില്‍ എഴുതിയിരുന്നു. വിലാസവും പേരും ശരിയാണ്. മൊബൈല്‍ നമ്പര്‍ വ്യാജമാണ്. സംഘം നല്‍കിയ മറ്റൊരു നമ്പറിലും പ്രദേശത്തെ വാര്‍ഡ് അംഗത്തെയും ബന്ധപ്പെട്ടപ്പോള്‍ ഗായക സംഘത്തെ പിരിവിന് ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്. ഇതോടെ യുവാക്കള്‍ ചേര്‍ന്ന് ഗായകസംഘത്തെ ചോദ്യം ചെയ്യുകയും പിരിച്ചെടുത്ത പണം മുഴുവന്‍ തിരിച്ചുവാങ്ങുകയും ചെയ്തു. 1000 രൂപ കൂട്ടില്‍ പ്രദേശത്തുനിന്നും 800 രൂപയോളം അടുത്ത പ്രദേശമായ ചേരിയത്തുനിന്നും സംഘം പിരിച്ചെടുത്തിരുന്നു. സംഭവമറിഞ്ഞ് ചേരിയത്തുനിന്ന് ആളുകളത്തെി അവിടെ നിന്ന് പിരിച്ചെടുത്ത തുകയും തിരിച്ചുവാങ്ങി. പണം തിരിച്ചുനല്‍കിയ ഉടന്‍ സംഘം സ്ഥലം വിടുകയും ചെയ്തു. ദിവസവും 7000 മുതല്‍ 8000 രൂപ വരെ സംഘം പിരിച്ചെടുക്കുന്നുണ്ടെന്നും ഗായകരെ കൂലിക്ക് എടുത്താണ് പരിപാടികള്‍ നടത്തുന്നതെന്നും നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍നിന്ന് വ്യക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.