പടിഞ്ഞാറെക്കര–പൊന്നാനി ബോട്ട് സര്‍വിസ് നാളെ മുതല്‍

പുറത്തൂര്‍: കടത്തുതോണിയും ജങ്കാറുമില്ലാതിരുന്ന പടിഞ്ഞാറെക്കരയില്‍ ഒന്നര വര്‍ഷത്തിനുശേഷം ഗതാഗത സൗകര്യമൊരുങ്ങുന്നു. പൊന്നാനിയുമായി ബന്ധിപ്പിച്ച് അഴിമുഖത്ത് ബോട്ട് സര്‍വിസാണ് ആരംഭിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും പൊന്നാനി നഗരസഭയുടെയും അനുമതിയോടെ മംഗലം നിള കോഓപറേറ്റിവ് സൊസൈറ്റി ആരംഭിക്കുന്ന ബോട്ട് സര്‍വിസിന് തിങ്കളാഴ്ച തുടക്കമാകും. പടിഞ്ഞാറെക്കര അഴിമുഖത്ത് സര്‍വിസ് നടത്തിയിരുന്ന ഭാരത് ജങ്കാര്‍ ഒഴുക്കില്‍പ്പെട്ട് കടലില്‍ പോയതിന് ശേഷം ഒന്നര വര്‍ഷമായി ഇവിടെ ജങ്കാറോ ബദല്‍ സംവിധാനമോ ഒരുക്കാന്‍ പൊന്നാനി നഗരസഭക്കായിരുന്നില്ല. ഇതുമൂലം പടിഞ്ഞാറക്കര-പൊന്നാനി യാത്രക്ക് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ബസുകള്‍ കയറിയിറങ്ങി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. തുടര്‍ന്ന് എം.എല്‍.എമാരായ ഡോ. കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മുന്‍ ജില്ലാ കലക്ടറും ഡി.ടി.പി.സി ചെയര്‍മാനുമായിരുന്ന ബിജുവുമായി നടത്തിയ ചര്‍ച്ചയിലാണ് യാത്രാദുരിതം പരിഹരിക്കാനുള്ള വഴി തുറന്നത്. വാഹനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന ജങ്കാറാണ് തീരുമാനിച്ചിരുന്നതെങ്കിലും ജങ്കാര്‍ ലഭിക്കാതെ വന്നതോടെ യാത്രാബോട്ടിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നിള കോഓപറേറ്റിവ് സൊസൈറ്റി സര്‍വിസ് നടത്തിപ്പ് ഏറ്റെടുത്തത്. ഒരേ സമയം 35 പേര്‍ക്ക് യാത്ര ചെയ്യാം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സര്‍വിസ്. പടിഞ്ഞാറക്കരയില്‍ ജങ്കാര്‍ ജെട്ടിയിലും പൊന്നാനി ഭാഗത്ത് മത്സ്യബന്ധന തുറമുഖ ജെട്ടിയിലുമാണ് ബോട്ട് അടുപ്പിക്കുക. വൈ ഫൈയും സംഗീതവും ഒരുക്കിയ ബോട്ടില്‍ യാത്രാകൂലി 10 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് രണ്ടുരൂപ മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ബോട്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് നിള സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ തിങ്കളാഴ്ച രാവിലെ പത്തിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, പൊന്നാനി നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സി.എം. പുരുഷോത്തമന്‍ മാസ്റ്റര്‍, നിള സൊസൈറ്റി ചെയര്‍മാന്‍ എം.എം. കബീര്‍, സെക്രട്ടറി കെ.ടി. ഖാദര്‍ ബാബു, പടിഞ്ഞാറെക്കര ബീച്ച് മാനേജര്‍ സലാം താണിക്കാട് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.