പെരിന്തല്‍മണ്ണ: നഗരസഭാ എട്ടാം വാര്‍ഡില്‍ റിലയന്‍സ് കമ്പനി 4ജി ടവര്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കണമെന്ന കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയത് വിവാദമാകുന്നു. ജനവാസ കേന്ദ്രത്തില്‍, ഉയര്‍ന്ന റേഡിയേഷനുള്ള ടവര്‍ നിര്‍മിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞ 14ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. കൗണ്‍സില്‍ അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് തീരുമാനം പാസാക്കിയത്. ഇതേ വിവരം ജില്ലാ കലക്ടറേയും പെരിന്തല്‍മണ്ണ സി.ഐയേയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജില്ലാ കലക്ടറുടെ അനുമതിയോടെ ടവര്‍ നിര്‍മിക്കാമെന്ന കത്താണ് നഗരസഭാ ഓഫിസില്‍നിന്ന് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥര്‍ കത്തില്‍ മൂടിവെക്കുകയും ചെയ്തു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കി. കൗണ്‍സില്‍ തീരുമാനം നഗരസഭാ ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനും ഒടുവില്‍ ജനങ്ങള്‍ക്ക് മുമ്പാകെ വിശദീകരിക്കേണ്ടി വന്നു. കൗണ്‍സില്‍ തീരുമാനം വ്യക്തമാക്കിയശേഷം തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജനകീയസമരത്തിന് പിന്തുണയുണ്ടെന്നും ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലിം, പ്രതിപക്ഷ നേതാവ് പച്ചീരി ഫാറുഖ് എന്നിവര്‍ പറഞ്ഞു. ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശത്തുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. എം.കെ. ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചേരിയില്‍ മമ്മി അധ്യക്ഷത വഹിച്ചു. ഇടുവമ്മല്‍ അക്ബര്‍, പച്ചീരി ഫാറൂഖ്, കിഴിശ്ശേരി മുഹമ്മദ് എന്ന ബാപ്പു, വി.ടി. ഇന്‍സാഫ്, കെ.കെ. ബഷീര്‍, സി. സത്താര്‍ എന്നിവര്‍ സംസാരിച്ചു. ടവര്‍ നിര്‍മാണത്തില്‍നിന്ന് പിന്മാറുംവരെ സമരപരിപാടികള്‍ സംഘടിപ്പിക്കും. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍: കിഴിശ്ശേരി മുഹമ്മദ് (ചെയര്‍), ഇടുവമ്മല്‍ അക്ബര്‍ (കണ്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.