ഒട്ടുംപുറം പദ്ധതി യാഥാര്‍ഥ്യമാകുന്നു

താനൂര്‍: പ്രകൃതി രമണീയമായ താനൂര്‍ ഒട്ടുംപുറത്ത് വിനോദ സഞ്ചാരവകുപ്പിന്‍െറ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ‘തൂവല്‍ തീരം’ എന്നു പേരിട്ട പദ്ധതിയില്‍ ഫുഡ്കോര്‍ട്ട്, പവലിയന്‍, ടോയ്ലറ്റ് കോംപ്ളക്സ്, ടൈല്‍ പാകി മരം വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ നടപ്പാതകള്‍, കൈവരികള്‍, ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡുകള്‍, പര്‍ഗോള കവാടം, കാര്‍പാര്‍ക്കിങ് സൗകര്യം, എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനവും വൈദ്യുതീകരണവും അവസാന ഘട്ടത്തിലാണ്. വിനോദസഞ്ചാരികള്‍ക്ക് സൂര്യാസ്തമയത്തിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ പ്രത്യേകം ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കോടി 40 ലക്ഷത്തോളം രൂപയാണ് പദ്ധതിയുടെ ചെലവ്. ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ താനൂര്‍-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിക്കുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഒട്ടുംപുറം മാറും. 30 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഒട്ടുംപുറം പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. താനൂര്‍ നഗരത്തില്‍ നിന്നും ഒട്ടുംപുറത്തേക്ക് ബി.എം.സി റോഡുകളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. ഒട്ടുംപുറം ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 26ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പെരുന്നാള്‍ ദിനത്തില്‍ താനൂരുകാര്‍ക്ക് ലഭിക്കുന്ന സമ്മാനമായിരിക്കും ഒട്ടുംപുറം ടൂറിസം പദ്ധതിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.