പെരിന്തല്‍മണ്ണ: ആക്കപറമ്പില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ച അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ താലൂക്കില്‍ വാഹന പരിശോധന കര്‍ശനമാക്കിയതായി താലൂക്ക് സഭയില്‍ ജോയന്‍റ് ആര്‍.ടി.ഒ അറിയിച്ചു. അപകടരഹിത ഡ്രൈവിങ്ങിനായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുമെന്നും വാഹനവകുപ്പധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ നഗരത്തില്‍ ട്രാഫിക് റിഫ്ളക്ടറുകള്‍ സ്ഥപിക്കാന്‍ നടപടി തുടങ്ങി. ഇതിനായി ഉടന്‍ ടെന്‍ഡര്‍ നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ് പറഞ്ഞു. നഗരത്തില്‍ സോളാര്‍ ലൈറ്റുകളും കാമറയും സ്ഥാപിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ നടപടി സ്വീകരിച്ചുവരുന്നതായും അറിയിച്ചു. തിരൂര്‍ക്കാട്-ആനക്കയം റോഡില്‍ വാട്ടര്‍ അതോറിറ്റി ചാല് കീറിയ സ്ഥലങ്ങളില്‍ കുഴിയായി കിടക്കുന്ന ഭാഗങ്ങളില്‍ ക്വാറി വേസ്റ്റിട്ട് നികത്തും. പുലാമന്തോള്‍ ഹൈസ്കൂളിന് മുന്നിലെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. പുലാമന്തോള്‍ ജങ്ഷനില്‍ ട്രാഫിക് ഐലന്‍റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കാര്യവട്ടം-മണ്ണാര്‍മല ഭാഗങ്ങളില്‍ പൊലീസിന്‍െറ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നതാണ് മറ്റൊരാവശ്യം. പെരിന്തല്‍മണ്ണ സബ് ജയിലില്‍ കൃത്യമായി വെള്ളം ലഭിക്കാത്തതിനാല്‍ തടവുകാരടക്കമുള്ളവര്‍ക്ക് പ്രയാസം നേരിടുന്നതായും ജലം ലഭ്യമാക്കാന്‍ നടപടി വേണമെന്നും സബ്ജയില്‍ സൂപ്രണ്ട് താലൂക്ക് സഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, ബുധനാഴ്ച പെരിന്തല്‍മണ്ണ താലുക്ക് ആസ്ഥാനത്ത് നടന്ന താലൂക്ക് വികസന സമിതിയില്‍ ജനപ്രതിനിധികളുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. പെട്ടെന്ന് യോഗം വിളിച്ചതിനാലാകം പലരും യോഗവിവരം അറിഞ്ഞില്ളെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.