നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിന് 86 കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. വോള്‍ട്ടേജ് ക്ഷാമവും അടിക്കടിയുള്ള വൈദ്യുതിമുടക്കമടക്കമുള്ള പ്രശ്നങ്ങളും പൂര്‍ണമായി പരിഹരിക്കുന്നതരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. മലപ്പുറത്തും മഞ്ചേരിയിലും വൈദ്യുതി പ്രശ്നമുണ്ടായാല്‍ നിലമ്പൂരിലും പരിസരങ്ങളിലേയും ജനങ്ങള്‍ ഇരുട്ടിലാകുന്ന ദുരിതത്തിന് പരിഹാരമായി മേലാറ്റൂരില്‍ നിന്ന് നിലമ്പൂരിലേക്ക് 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 110 കെ.വി ഡി.സി ലൈന്‍ വലിക്കാന്‍ 6.68 കോടി രൂപ അനുവദിച്ചു. 20ന് ആരംഭിച്ച് ഒരുവര്‍ഷത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. പെരിന്തല്‍മണ്ണ 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനാക്കി ഉയര്‍ത്തും. 1.08 കോടി രൂപയുടെ പ്രവൃത്തി 20ന് തുടങ്ങി ആറുമാസത്തെ കാലയളവിനുള്ളില്‍ തീര്‍ക്കും. ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും വിതരണ സംവിധാനം കാര്യക്ഷമമാക്കാനും മഞ്ചേരിയില്‍ പുതിയ 220 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കും. ഇതിനായി 78.8 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. നവംബറില്‍ പ്രവൃത്തി ആരംഭിച്ച് 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മഞ്ചേരിയില്‍ 220 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിച്ച് മാടക്കത്തറ 220 കെ.വി ഡി.സി ഫീഡറില്‍ നിന്ന് 220 കെ.വി മള്‍ട്ടി സര്‍ക്യൂട്ട്, മള്‍ട്ടി വോള്‍ട്ടേജ് ലൈനുകള്‍ വലിക്കും. മഞ്ചേരിയില്‍ നിലവിലുള്ള 66 കെ.വി സബ്സ്റ്റേഷന്‍ 110 കെ.വി സബ് സ്റ്റേഷനായി ഉയര്‍ത്തും. മഞ്ചേരിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനായി ഉയര്‍ത്തും. ഇതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലകളായ മഞ്ചേരി, നിലമ്പൂര്‍, എടക്കര, വണ്ടൂര്‍ മേഖലകളില്‍ വൈദ്യുതി വിതരണ പ്രസരണ സംവിധാനത്തിലെ അപര്യാപ്തത കാരണമുള്ള അടിക്കടിയുള്ള ലോഡ്ഷെഡിങ്ങും വൈദ്യുതി മുടക്കവും ഇല്ലാതാവും. നിലവില്‍ നിലമ്പൂര്‍ മേഖലയില്‍ ഓവര്‍ലോഡ് കാരണം വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. മഞ്ചേരിയില്‍ പുതിയ 220 കെ.വി സബ് സ്റ്റേഷന്‍ വരുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാവും. ജില്ലയില്‍ ഇതുവരെയില്ലാത്ത വന്‍ വികസന പ്രവൃത്തിയാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്നും ആറുമാസം മുതല്‍ രണ്ടുവര്‍ഷത്തിനകം വരെ ഓരോ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.