വണ്ടൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് ശിലയിട്ടു

വണ്ടൂര്‍: പഞ്ചായത്ത് സി.എച്ച്. മുഹമ്മദ് കോയ മെമോറിയല്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മിച്ച 1000 വീടുകളുടെ പ്രഖ്യാപനവും ധനസഹായവിതരണവും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും ആശ്രയ കുടുംബങ്ങള്‍ക്കുള്ള ധനസഹായവിതരണം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും മണലിമ്മല്‍ പാടം ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പിയും വിവിധക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്ന പദ്ധതി ഉദ്ഘാടനം പി.വി. അബ്ദുല്‍ വഹാബ് എം.പിയും 3000 കുടുംബങ്ങള്‍ക്കുള്ള മുട്ടക്കോഴി വിതരണ ഉദ്ഘാടനം എം. ഉമ്മര്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് കിഡ്നി വെല്‍ഫയര്‍ ഫണ്ടിലേക്കുള്ള പഞ്ചായത്ത് വിഹിതം കൈമാറല്‍ വണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. അസ്കറും നിര്‍വഹിച്ചു. കൂടാതെ എസ്.സി കുടുംബങ്ങള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം, കൃഷി വികസന ധനസഹായ വിതരണം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണം, പൈപ്പ്ലൈന്‍ കമ്പോസ്റ്റ് വിതരണം എന്നിവ നടന്നു. മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. നാല് നിലകളോടുകൂടിയ കെട്ടിടത്തില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ വാഹന പാര്‍ക്കിങ്ങും ഒന്നാം നിലയില്‍ ശീതീകരിച്ച പഞ്ചായത്ത് ഓഫിസും രണ്ടാം നിലയില്‍ ബോര്‍ഡ് മീറ്റിങ് ഹാളും, അസിസ്റ്റന്‍റ് എന്‍ജിനീയറുടെ ഓഫിസും വില്ളേജ് എക്സറ്റന്‍ഷന്‍ ഓഫിസും തുല്യത, കുടുംബശ്രീ ഓഫിസുകളും പഞ്ചായത്ത് ലൈബ്രറിയും മൂന്നാമത്തെ നിലയില്‍ ഓഡിറ്റോറിയവും ഏറ്റവും മുകളിലെ നിലയില്‍ ഭക്ഷണ ഹാളും വിശ്രമ മുറിയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പ്ളാന്‍. കെട്ടിട നിര്‍മാണത്തിന്‍െറ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന് ലോക ബാങ്കിന്‍െറ തുകയടക്കം ഒരു കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബ്ളോക്ക് പ്രസിഡന്‍റ് ശ്രീദേവി പ്രാക്കുന്ന്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഇ. സിത്താര, പി. ഖാലിദ് മാസ്റ്റര്‍, പി.ടി. ജബീബ് സുക്കീര്‍, കെ.കെ. സാജിത, കെ.എം. പ്രസീത, വി.എ.കെ. തങ്ങള്‍, അബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.