പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 150ാം വാര്‍ഷിക നിറവില്‍

പെരിന്തല്‍മണ്ണ: തലമുറകള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയ പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി 150ാം വാര്‍ഷികനിറവില്‍. താലൂക്ക് ബോര്‍ഡിന് കീഴില്‍ 1865ല്‍ റെയ്റ്റ് സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. 1918 ല്‍ ഹൈസ്കൂളായി. 1921ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 1991 ല്‍ വി.എച്ച്.എസ്.സിയും ‘97 ല്‍ ഹയര്‍സെക്കന്‍ഡറിയും നിലവില്‍വന്നു. 1998 ല്‍ ഒരുഭാഗം ഗേള്‍സ് സ്കൂളാക്കി മാറ്റി. 150 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ മഹാന്മാരുടൈ നീണ്ട നിരതന്നെ സ്കൂളിനുണ്ട്. ഇ.എം.എസ്, വി.ടി. ഭട്ടതിരിപ്പാട്, സി. ശങ്കരന്‍ നായര്‍, ചെറുകാട്, മങ്കട രവിവര്‍മ, കെ.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയവരാണ്. ഇപ്പോള്‍ 1790 വിദ്യാര്‍ഥികളും 77 അധ്യാപകരുമുണ്ട്. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ നഗരസഭ അധ്യക്ഷ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലിം, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെമിനാറുകള്‍, സിമ്പോസിയം, എക്സിബിഷന്‍, ചരിത്ര പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ നടക്കും. പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെ ആദരിക്കും. സ്കൂളിന്‍െറ സമഗ്ര വികസനം ലക്ഷ്യംവെച്ച് നടക്കാവ് ഗവ. ഹൈസ്കൂള്‍ മോഡല്‍ നടപ്പാക്കാന്‍ മാസ്റ്റര്‍പ്ളാന്‍ തയാറാക്കും. സെപ്റ്റംബര്‍ അഞ്ചിന് പൂര്‍വ വിദ്യാര്‍ഥി-അധ്യാപകസംഗമം ഒരുക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ കണ്‍വീനര്‍മാരായ എം. ശംസുദ്ദീന്‍ (9447630288), കെ.ആര്‍. രവി (8281102257) എന്നിവരുമായി ബന്ധപ്പെടണം. മേലാറ്റൂര്‍ രവിവര്‍മ, സി.എം. പ്രേമനാഥ്, പി.വേലായുധന്‍, എം.കെ. ശ്രീധരന്‍, തുടങ്ങിയവരെ വിവിധ കണ്‍വീനര്‍മാരാക്കി. അടുത്ത മാര്‍ച്ച് വരെ നീളുന്ന വിപുലമായ പരിപാടികള്‍ ആവിഷ്കരിക്കും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, അഡ്വ എന്‍. സൂപ്പി, വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.