ജില്ലയില്‍ കോക്കനട്ട് കോംപ്ളക്സിന് ആലോചന

മഞ്ചേരി: നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ കോക്കനട്ട് കോംപ്ളക്സ് നിര്‍മിക്കാന്‍ ആലോചന. രണ്ടേക്കര്‍ ഭൂമി ലഭിച്ചാല്‍ അഞ്ചുകോടി രൂപ മതിപ്പു ചെലവ് കണക്കാക്കുന്ന പദ്ധതി നടപ്പാക്കും. നാളികേരത്തിന്‍െറ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കാനും വിപണിയിലത്തെിക്കാനും ഉതകുന്നതാണ് പദ്ധതി. ഭൂമി സൗജന്യമായി ലഭിക്കുമോയെന്നും കൃഷിവകുപ്പ് നോക്കുന്നുണ്ട്. 100 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും സാധിക്കും. നാളികേരം പൊടി, നീര, വെളിച്ചെണ്ണ, നാളികേരത്തില്‍നിന്ന് ഉല്‍പാദിപ്പിച്ച് വിപണിയിലത്തെിക്കാവുന്ന മറ്റു ഉല്‍പന്നങ്ങള്‍ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്‍െറയും കൃഷിവകുപ്പിന്‍െറയും മേല്‍നോട്ടത്തില്‍ പ്രാരംഭ നടപടികളായി. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാവുന്നതേയുള്ളൂ. മലപ്പുറത്ത് 1.08 ലക്ഷം ഹെക്ടറിലാണ് നാളികേര കൃഷി. നാളികേര ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന വിലയുടെ ആനുപാതിക വരുമാനം കേരകര്‍ഷകര്‍ക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. സബ്സിഡിയോടെ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചത്തേങ്ങയും ഉണ്ടക്കൊപ്രയും സംഭരിച്ചാലും വ്യാജേന ഇടത്തട്ടുകാരില്‍ ഒരംശം എത്തിയ ശേഷമാണ് കര്‍ഷകരിലത്തെുന്നത്. നേരത്തേ സഹകരണ സൊസൈറ്റികള്‍ വഴി നാളികേര വികസന കോര്‍പറേഷന്‍ കൊപ്ര സംഭരിച്ചതിലും ഇത്തരത്തില്‍ വീഴ്ചകളുണ്ടായിരുന്നു. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന ഫാക്ടറിയും തൊഴില്‍കേന്ദ്രവുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സബാഹ് പുല്‍പറ്റ പറഞ്ഞു. നാളികേരം ഉല്‍പാദകരില്‍നിന്ന് നേരിട്ട് സംഭരിക്കും. കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂരില്‍ സമാന രീതിയില്‍ നാളികേര മൂല്യവര്‍ധിത ഉല്‍പാദന കേന്ദ്രം നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.