എടപ്പറ്റ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ലീഗ് തീരുമാനം

മേലാറ്റൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടപ്പറ്റ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഒറ്റക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. വര്‍ഷങ്ങളായി ലീഗ്-കോണ്‍ഗ്രസ് ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് വേളകളില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടാക്കിയ നീക്കുപോക്കുകളൊന്നും ഇത്തവണ കോണ്‍ഗ്രസുമായി വേണ്ടെന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫിസില്‍ നടന്ന പഞ്ചായത്തുതല നേതൃസംഗമത്തിന്‍െറ തീരുമാനം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിന് വിരുദ്ധമായി അഞ്ച് വര്‍ഷം മുമ്പ് ലീഗ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് നോമിനിയായി മത്സരിച്ച ഇപ്പോഴത്തെ പ്രസിഡന്‍റ് പി. ജോര്‍ജ് മാത്യുവിന്‍െറ വഞ്ചനക്ക് ഇത്തവണ തിരിച്ചടി നല്‍കണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. ഭൂരിഭാഗം വാര്‍ഡുകളിലും ഒറ്റക്ക് ജയിക്കാമെന്നാണ് വാര്‍ഡുതല അവലോകനങ്ങളില്‍ പാര്‍ട്ടി വിലയിരുത്തുന്നത്. അണികളുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്തില്‍ ക്ഷയിച്ച് വരികയാണെന്നും ലീഗ് വിലയിരുത്തുന്നു. എടപ്പറ്റ ഉള്‍പ്പെടുന്ന കാളികാവ് ബ്ളോക്കിലെ കരുവാരകുണ്ട്, കാളികാവ്, ചേക്കാട് പഞ്ചായത്തുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ മേഖല മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചതും എടപ്പറ്റ ലീഗിന്‍െറ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.