പ്രകടനപത്രികയുമായി ഇടതുപക്ഷം അവസാന റൗണ്ടിലേക്ക്; നേട്ടങ്ങള്‍ നിരത്തി യു.ഡി.എഫ്

മഞ്ചേരി: വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ മഞ്ചേരിയില്‍ പ്രകടനപത്രിക മുന്‍നിര്‍ത്തി എല്‍.ഡി.എഫ് അവസാനവട്ട പ്രചാരണത്തിന്. സമ്പൂര്‍ണ വികസനവും അഴിമതിരഹിത ഭരണവുമാണ് ഉറപ്പു നല്‍കുന്നത്. മുന്‍ ഇടത്-ഐ.എന്‍.എല്‍ ഭരണസമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അതിനു ശേഷം കഴിഞ്ഞ 12 വര്‍ഷത്തെ യു.ഡി.എഫ് ഭരണവും വിലയിത്താന്‍ ആവശ്യപ്പെടുന്നതാണ് പ്രകടന പത്രിക. ആനപ്പാംകുന്ന് ഷേപ്പിങ് കോംപ്ളക്സ്, നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ സ്മാരകം, വേട്ടേക്കോട് ആധുനിക അറവുശാല, മഞ്ചേരിയിലെ കെ. മാധവന്‍നായര്‍ സ്മാരകം, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, പയ്യനാട് ഫുട്ബാള്‍ സ്റ്റേഡിയം നിലനില്‍ക്കുന്ന 25 ഏക്കര്‍ ഭൂമി, പയ്യനാട് കമ്യൂണിറ്റി ഹാള്‍, പയ്യനാട് ഹോമിയോ മൃഗാശുപത്രി, കച്ചേരിപ്പടിയില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് നില്‍ക്കുന്ന മൂന്നേക്കര്‍ ഭൂമി തുടങ്ങിയവ മുന്‍ ഇടത് ഭരണസമിതിയുടെ നേട്ടങ്ങളാണ്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാണിക്കാനില്ളെന്നാണ് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഭരണസിമിതിക്കെതിരെയുള്ള കുറ്റപ്പെടുത്തല്‍. വേട്ടേക്കോട് മാലിന്യ സംസ്കരണത്തിന് 35 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഇന്‍സിനറേറ്റര്‍ ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിക്കാതെ പണം വെറുതെ കളഞ്ഞെന്നും ഇടത് ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പൊതുസ്മശാനം നഗരസഭയുടെ അവഗണനയില്‍ നശിക്കുകയാണെന്നും കരുവമ്പ്രത്ത് അപ്പാരല്‍ പാര്‍ക്ക് നിലച്ചെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഭരണമാണ് ഇടത് മുന്നണി ആഗ്രഹിക്കുന്നതെന്നും പ്രകടനപത്രികയില്‍ വിശദീകരിക്കുന്നു. യു.ഡി.എഫ് ഭരണസിമിതിയുടേതെന്ന് പറയപ്പെടുന്ന വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും ഇടപെടാനും ഇടതുപക്ഷം പേരിനുപോലും ശ്രമിക്കാതെ തെരഞ്ഞെടുപ്പില്‍ കാര്യലാഭത്തിന് വേണ്ടി പ്രചാരണവിഷയമാക്കുന്നത് ജനം സഹതാപത്തോടെ കാണുമെന്നാണ് യു.ഡി.എഫ് വിശദീകരിക്കുന്നത്. ജനകീയ വികസനവും പൊതുകാര്യങ്ങളും തെരഞ്ഞെടുപ്പ് കാലത്തു മാത്രമേ ഇടതു മുന്നണിക്ക് വിഷയമാവാറുള്ളൂ. തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസക്കുറവ് അവരില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മുന്‍ ഭരണസമിതികളുടെ വികസനത്തുടര്‍ച്ചയാണ് തങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തുന്നതെന്നും യു.ഡി.എഫ് വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.