മണല്‍കടത്താം, പാടം നികത്താം; വമ്പിച്ച ‘ഇലക്ഷന്‍ ഓഫര്‍’

പൊന്നാനി: തദ്ദേശതെരഞ്ഞെടുപ്പിന്‍െറ തിരക്കില്‍ ഉദ്യോഗസ്ഥര്‍ മുഴുകിയപ്പോള്‍ മണല്‍ കടത്തും കുന്നിടിക്കലും പാടം നികത്തലും തകൃതി. റവന്യൂ, നഗരസഭാ ഉദ്യോഗസ്ഥരെല്ലാം രാപ്പകല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായപ്പോഴാണ് ഭൂമാഫിയ കുന്നിടിക്കാനും പാടം നികത്താനും മണല്‍ കടത്താനും രാപകല്‍ സജീവമായത്. വോട്ടര്‍പട്ടിക പുതുക്കുന്ന ജോലി തുടങ്ങിയപ്പോള്‍തന്നെ റവന്യൂ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരുന്നു. പൊന്നാനി താലൂക്കില്‍ അനധികൃത മണല്‍കടത്ത് സജീവമാണ്. പൊലീസുള്‍പ്പെടെ എല്ലാവരും തിരക്കിലായതോടെ മണല്‍ മാഫിയക്ക് കൊയ്ത്ത് കാലമാണ്. ടണ്‍കണകിന് മണലാണ് ഭാരതപ്പുഴയില്‍നിന്ന് കടത്തുന്നത്. താലൂക്കിലെ പല ഭാഗങ്ങളിലും പാടം നികത്തലും തുടരുന്നു. പാടങ്ങള്‍ നികത്തി വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂമിയാണെന്ന് വരുത്താന്‍ പാഴ്മരങ്ങളും തെങ്ങും കവുങ്ങും ഉള്‍പ്പെടെ വേരോടെ എത്തിച്ച് നട്ടുപിടിപ്പിക്കുകയാണ്. അനധികൃത കെട്ടിട നിര്‍മാണങ്ങളും നിര്‍ബാധം തുടരുന്നു. രാത്രികാലങ്ങളിലടക്കം തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിട നിര്‍മാണം നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.