തലമുറകളുടെ ഗുരുനാഥന്‍ കമ്മദ് ഹാജിക്ക് നാടിന്‍െറ വിട

രാമപുരം: 1963ല്‍ നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ദീര്‍ഘകാലം പുഴക്കാട്ടിരി പഞ്ചായത്ത് ഭരണസമിതിയംഗവും തലമുറകളുടെ ഗുരുനാഥനുമായ രാമപുരം മഹല്ല് പ്രസിഡന്‍റ് കരുവള്ളി പാത്തിക്കല്‍ കമ്മദ് ഹാജിക്ക് ജന്മനാട് വിട നല്‍കി. അക്ഷരാഭ്യാസമില്ലാത്ത ഒരു തലമുറക്ക് അറിവിന്‍െറ വെളിച്ചം പകര്‍ന്നുനല്‍കി ഏഴര പതിറ്റാണ്ട് ഒരു ഗ്രാമത്തിന്‍െറ നിറസാന്നിധ്യമായാണ് കമ്മദ് ഹാജി മാറിയത്. തികഞ്ഞ ഇടതുപക്ഷ സഹയാത്രികനായിരിക്കെതന്നെ മത-സാമൂഹിക-സാംസ്കാരിക വേദികള്‍ക്ക് മുഖ്യ പങ്കുവഹിച്ചു. രാമപുരം മഹല്ല് കമ്മിറ്റിയുടെ ദീര്‍ഘകാല ഭരണം നിര്‍വഹിച്ചു. മലബാറിലെതന്നെ ആദ്യ ജനകീയ പൊതുജന വായനശാല സ്ഥാപിക്കുകയും സെക്രട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. വാര്‍ധക്യ സഹജമായ രോഗത്തെതുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍െറ മരണം. ഉച്ചയോടെ രാമപുരം ജുമാമസ്ജിദില്‍ ഖബറടക്കി. ബര്‍ക്കത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗം മുസ്ലിംലീഗ് മങ്കട മണ്ഡലം ട്രഷറര്‍ എം. അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.പി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ആക്ടിങ് ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് മഹല്ല് ഖത്തീബ് പാതിരമണ്ണ സ്വാലിഹ് ഫൈസി, ബീനാ സണ്ണി, പി.എം. രവീന്ദ്രന്‍, അല്ലൂര്‍ അസൈനാര്‍, കെ. വാസുദേവന്‍, കെ.പി. മുസ്തഫ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.