ഹാച്ച് കട്ടിങ് നടന്നില്ല; വിലയിടിഞ്ഞ് ഇറച്ചികോഴി വിപണി

വണ്ടൂര്‍: സവാളയേക്കാള്‍ വിലയിടിഞ്ഞതോടെ ഇറച്ചികോഴി വിപണിയും ഫാം ഉടമകളും പ്രതിസന്ധിയിലായി. ഇറച്ചികോഴി ഫാമുകള്‍ നല്‍കുന്നത് കിലോക്ക് 52 രൂപ മുതല്‍ 56 രൂപ വരെ നിരക്കിലാണ്. കഴിഞ്ഞ ആഴ്ച ഇത് 40-42 വരെ എത്തിയിരുന്നു. വ്യാഴാഴ്ച ഒരു കിലോ ഇറച്ചികോഴിക്ക് 65 മുതല്‍ 68 രൂപ വരെയാണ് വില്‍പനവില. ഇറച്ചിയായി നല്‍കുന്നത് 95 മുതല്‍ 100 രൂപക്കാണ്. കഴിഞ്ഞ ദിവസം കോഴിയിറച്ചി വില 85 രൂപവരെയായി താഴ്ന്നിരുന്നു. കൃത്രിമ വില വര്‍ധനക്കായി കമ്പനികള്‍ നടപ്പാക്കുന്ന ഹാച്ച് കട്ടിങ് ഇത്തവണ നടത്താത്തതാണ് വിലയിടിവിന് കാരണമായി പറയുന്നത്. കുഞ്ഞുങ്ങളെ വിരിയിച്ചുണ്ടാക്കുന്ന മുട്ട കൂട്ടത്തോടെ നശിപ്പിക്കുന്നതാണ് ഹാച്ച് കട്ടിങ് പദ്ധതി. മുട്ട നശിപ്പിച്ചാലുണ്ടാവുന്ന നഷ്ടം കോഴിയുടെ വിലവര്‍ധനവിലൂടെ നികത്തുന്നതായിരുന്നു രീതി. മാസം കൂടുമ്പോഴാണ് ഇത്തരം കൃത്രിമ രീതികള്‍ നടപ്പാക്കിയിരുന്നത്. തമിഴ്നാട് കല്ലടയിലെ ബ്രോയ്ലര്‍ കോഓഡിനേഷന്‍ കമ്മിറ്റിയാണ് (ബി.സി.സി) ഇത് നിയന്ത്രിക്കുന്നത്. ഹാച്ച് കട്ടിങ് നടക്കാത്തതിനാല്‍ ഇത്തരം മുട്ടകള്‍ കേരളത്തിലെ ചെറുകിട ഫാമുകളില്‍ വിരിയിച്ച് വിതരണം ചെയ്ത ഈ കോഴികളാണ് ഇപ്പോള്‍ ഫാമുകളില്‍ നിറഞ്ഞുകിടക്കുന്നത്. ഇതുകാരണം ഇത്തവണ ബലിപെരുന്നാളിനുപോലും 100 രൂപക്ക് താഴെയായിരുന്നു വില. വിലയിടിഞ്ഞതോടെ ആയിരക്കണക്കിന് വരുന്ന ചെറുകിട ഫാമുകളും കനത്ത നഷ്ടത്തിലാണ്. ഒരുകിലോ കോഴി വളര്‍ച്ചയത്തെുന്നതോടെ ശരാശരി 70 രൂപവരെ ചെലവുവരും. എന്നാല്‍, ചെലവുപണം പോലും കിട്ടാതെയാണ് ഫാമുകള്‍ കോഴി വില്‍പന നടത്തുന്നത്. വളര്‍ച്ചയത്തെിയ കോഴികളെ വീണ്ടും ഫാമുകളില്‍ നിര്‍ത്തിയാല്‍ തീറ്റയിനത്തില്‍ കൂടുതല്‍ തുക ചെലവുവരും. കോഴികളെ വിറ്റൊഴിച്ച ഫാമുകളില്‍ മിക്കതും ഇപ്പോഴും കാലിയായി കിടക്കുകയാണ്. ഇതുകാരണം ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലാണ്. സാധാരണ തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കോഴികളെ ഇറക്കിയിരുന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ നിന്നുതന്നെ കോഴികള്‍ ലഭിക്കുന്ന സ്ഥിതിയിലാണ്. നിലവിലെ പ്രതിസന്ധി തടയാന്‍ അധികൃതര്‍ ഇടപെട്ടില്ളെങ്കില്‍ നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.