പത്രികാ സമര്‍പ്പണം സമാപിച്ചു, ഇനി പ്രചാരണാരവം

മലപ്പുറം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ മിക്ക പഞ്ചായത്തുകളിലും മത്സര ചിത്രം തെളിഞ്ഞു. ഇനി വരുന്നത് പ്രചാരണത്തിന്‍െറ നാളുകള്‍. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഭിന്നതകളും അഭിപ്രായ വ്യത്യാസവും മറന്ന് സ്വന്തം വിജയത്തിനായി കൈമെയ് മറന്ന് വീഥികളിലിറങ്ങും. അതേസമയം, മുന്നണികളില്‍ ഭിന്നതയുള്ള ചില പഞ്ചായത്തുകളില്‍ ചിത്രം ഇപ്പോഴും അവ്യക്തമാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസമായ 17ന് ശേഷം മാത്രമേ ഇത്തരം പഞ്ചായത്തുകളില്‍ വ്യക്തത കൈവരൂ. ബുധനാഴ്ച റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് എഴുന്നേല്‍ക്കാന്‍ സമയമില്ലാത്ത വിധം തിരക്കായിരുന്നു. സ്ഥാനാര്‍ഥികളുടെ തള്ളിക്കയറ്റത്തില്‍ വീര്‍പ്പുമുട്ടിയ അവസ്ഥ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് മിക്ക സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഇതിനിടയില്‍ സ്വതന്ത്രരും റബലുകളുമെല്ലാം പത്രിക സമര്‍പ്പിച്ചു. ഇനി പ്രചാരണത്തിന്‍െറ നാളുകളാണ്. മിക്കയിടങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ തൂങ്ങിക്കഴിഞ്ഞു.നേരത്തെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ നിലവിലുള്ളതും പിന്നീട് പ്രശ്നങ്ങള്‍ രൂപപ്പെട്ടതുമായ പതിനഞ്ചോളം പഞ്ചായത്തുകളിലാണ് ചിത്രം തെളിയാത്തത്. ധാരണയാകാത്ത സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അവസാന ധാരണക്കനുസരിച്ച് പത്രികകള്‍ പിന്‍വലിക്കും. ഭൂരിഭാഗം പഞ്ചായത്തുകളിലും മുന്നണി സംവിധാനത്തില്‍ തന്നെയാണ് മത്സരം. പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ വെച്ചുള്ള ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാനുള്ള തിരക്കാണിപ്പോള്‍. സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ അന്തരീക്ഷം പ്രചാരണാരവങ്ങളാല്‍ മുഖരിതമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.