കോട്ടക്കല്‍: അവഗണനയുടെ നടുവില്‍ കഴിഞ്ഞ അങ്കണവാടിയും കുരുന്നുകളും വഴിയാധാരമായപ്പോള്‍ നന്മയുടെ പ്രതീകങ്ങളായി അവര്‍ എത്തി. പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് ആലിന്‍ചുള്ളിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കാണ് ക്ളബ് പ്രവര്‍ത്തകര്‍ താങ്ങായത്. ആറു മാസത്തെ കുടിശ്ശികയടക്കാന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്ഥാപനം. 5,800 രൂപയായിരുന്നു കുടിശ്ശിക. പതിനെട്ടോളം കുരുന്നുകള്‍ക്ക് പഠനവും മറ്റും നഷ്ടപ്പെടുമെന്നറിഞ്ഞതോടെയാണ് സംരക്ഷണം ഏറ്റെടുക്കാന്‍ ക്ളബംഗങ്ങള്‍ മുന്നിട്ടിറങ്ങിയത്. മെമ്പേഴ്സ് ഓണ്‍ലി, എക്സ് മാന്‍, ഗാലക്സി, കരിഞ്ചന്‍സ് എന്നീ ക്ളബുകള്‍ ശേഖരിച്ച പണം വര്‍ക്കര്‍ വി.പി. റിന്‍ഷക്ക് കൈമാറി. വേങ്ങര ബ്ളോക്കിന് കീഴില്‍ 2004ലാണ് അങ്കണവാടി പ്രവര്‍ത്തനമാരംഭിച്ചത്. കളിക്കളം, ശൗചാലയം എന്നിവ ഇല്ലാതെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് സംരക്ഷണം ലഭിച്ചിരുന്നില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂത്രശങ്ക പരിഹരിക്കാന്‍ സമീപത്തെ തൊടികളാണ് കുരുന്നുകള്‍ക്ക് ശരണം. മൂന്ന് സെന്‍റ് ഭൂമിക്കായി വരും ദിനങ്ങളില്‍ ഫണ്ട് ശേഖരിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. ഇനിയും സൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ തയാറാണ്. പുനര്‍ജന്മമേകിയ ദിവസം മധുരം നല്‍കിയാണ് പ്രവര്‍ത്തകരും കുരുന്നുകളും ആഘോഷിച്ചത്. ചടങ്ങ് അധ്യാപിക ലത ഉദ്ഘാടനം ചെയ്തു. തന്‍വീര്‍ അഹമ്മദ്, ടി.പി. ഷിജിത്ത്, കെ. റസാഖ്, എ.സി. സുഹൈല്‍, മമ്മുദു കുറ്റിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.