തെരുവുവിളക്ക് പ്രശ്നം: കരാറുകാരനും തകരാര്‍; മലപ്പുറത്തുകാര്‍ക്ക് ഇരുട്ടടി

മലപ്പുറം: നഗരസഭയിലെ തീരാശാപമായ തെരുവുവിളക്ക് പ്രശ്നം പരിഹാരമാവാതെ തുടരുന്നു. ഇത് നന്നാക്കാന്‍ കരാര്‍ കൊടുത്ത് ഒരുവര്‍ഷമാവാറായിട്ടും അറ്റകുറ്റപ്പണി ചെയ്യേണ്ടവര്‍ പല വാര്‍ഡുകളിലേക്കും എത്തിനോക്കിയിട്ട് പോലുമില്ല. 11 വാര്‍ഡുകളില്‍ ഇനിയും വിളക്കുകള്‍ അറ്റകുറ്റപണി നടത്താനുണ്ട്. ഇവയുടെ എണ്ണമെടുത്താല്‍ 600 കടക്കും. കരാറുകാരന്‍െറ നിരുത്തരവാദ സമീപനമാണ് കാര്യങ്ങള്‍ ഇത്രത്തോളമത്തെിച്ചതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പോലും പറയുന്നു. മേല്‍മുറി, കൈനോട്, വാറങ്കോട്, കോല്‍മണ്ണ, അണ്ണുണ്ണിപ്പറമ്പ്, കണ്ണത്തറ, കാവുങ്ങല്‍ തുടങ്ങിയ ഭാഗങ്ങള്‍ ഇരുട്ടിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. മഴക്കാലത്തിന് മുമ്പേ വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും കരാറുകാരന്‍ തയാറാവുന്നില്ളെന്നാണ് കൗണ്‍സിലര്‍മാരുടെ ആക്ഷേപം. തെരുവുനായ ശല്യവും രൂക്ഷമായതിനാല്‍ രാത്രികാലങ്ങളില്‍ വഴി നടക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. മുന്‍ കരാറുകാരന്‍െറ കാലാവധി കഴിഞ്ഞ് പുതിയയാള്‍ക്ക് ടെന്‍ഡര്‍ കൊടുത്തതായിരുന്നു. ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞ് ഇയാള്‍ റദ്ദാക്കിപ്പോയതോടെയാണ് ഇപ്പോഴത്തെ വ്യക്തിക്ക് 18 ലക്ഷത്തിന് കരാര്‍ കൊടുത്തത്. കരാറിലെ പകുതിയിലധികം തുകയും കൈപ്പറ്റിയിട്ടും നൂറുകണക്കിന് വിളക്കുകള്‍ കണ്ണടച്ചുകിടക്കുന്നു. മൂന്ന് മാസത്തോളം ഇയാളുടെ ഒരു പ്രതികരണവുമില്ലായിരുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ അനുസരിക്കാതായതോടെ ചെയര്‍മാന്‍ തന്നെ വിഷയം ഏറ്റെടുത്തു. 40 വാര്‍ഡുള്ളതിനാല്‍ ഒരോ സ്ഥലത്തും നന്നാക്കി വരുമ്പോള്‍ വീണ്ടും വീണ്ടും കേടാവുകയാണെന്നാണ് അധികൃതരുടെ വാദം. ശരിയാക്കിയവ ഇടക്കിടെ കേടാവുന്നതെങ്ങനെയെന്ന കൗണ്‍സിലര്‍മാരുടെ ചോദ്യത്തിന് മറുപടിയില്ല. എല്ലാ വാര്‍ഡില്‍ നിന്നും മുറവിളി ഉയര്‍ന്നതിനാല്‍ നറുക്കിട്ട് ഓരോ സ്ഥലത്തും പോയിക്കൊണ്ടിരിക്കുകയാണെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. പ്രശ്നത്തിന് ഏതാനും ദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.