പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആദ്യം നടപ്പാക്കുക മലപ്പുറം നഗരസഭയില്‍

മലപ്പുറം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ജില്ലയില്‍ ആദ്യം നടപ്പാക്കുക മലപ്പുറം നഗരസഭയില്‍. സംസ്ഥാനത്ത് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 15 നഗരസഭകളിലൊന്നാണ് മലപ്പുറം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കുള്ള സംസ്ഥാനത്തെ ആദ്യ ക്ളാസ് ബുധനാഴ്ച മലപ്പുറത്ത് നടന്നു. അര്‍ബന്‍ ഹൗസിങ് മിഷനാണ് പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഏജന്‍സി. സബ്സിഡി നല്‍കിയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും സാധാരണക്കാര്‍ക്ക് വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം. നാലു രീതിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഏതു വേണമെന്ന് ഗുണഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടിന് അല്ളെങ്കില്‍ അറ്റകുറ്റപ്പണിക്ക് സഹായം നല്‍കാനും വിഹിതം ലഭിക്കും. 60 മുതല്‍ 70 വരെ കുടുംബങ്ങള്‍ താമസിക്കുന്ന ചേരിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഭവനങ്ങള്‍ നിര്‍മിക്കും. ഇത്തരം ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തയാറാവുന്ന സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവുണ്ടാവും. പദ്ധതി തയാറാക്കാനായി ഭവനരഹിതരുടെ സാധ്യതാപട്ടിക തയാറാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ക്ളാസിന് അര്‍ബന്‍ ഹൗസിങ് മിഷന്‍ ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ് നേതൃത്വം നല്‍കി. ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. പദ്ധതിയിലേക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷ നല്‍കാം. വാര്‍ഡുതല കമ്മിറ്റികളാണ് സാധ്യതാ പട്ടിക അംഗീകരിക്കേണ്ടത്. മൂന്നുലക്ഷത്തില്‍ താഴെ, ആറുലക്ഷത്തില്‍ താഴെ എന്നിങ്ങനെ രണ്ട് കാറ്റഗറിയായാണ് വരുമാന പരിധി. നഗരത്തില്‍ രണ്ട് സെന്‍റ് സ്ഥലം സ്വന്തമായുണ്ടാവണം. കേന്ദ്ര, സംസ്ഥാന, നഗരസഭാ വിഹിതമായി രണ്ടര ലക്ഷം രൂപയാണ് ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.