തിരൂര്‍ ഉപജില്ലാ കായികമേള വിജയികള്‍ക്ക് ട്രോഫികളില്ല

തിരൂര്‍: തിരൂര്‍ ഉപജില്ലാ കായികമേള വിജയികള്‍ക്ക് ട്രോഫികളില്ലാതെ മടക്കം. സംഘാടകര്‍ ട്രോഫികള്‍ ഒരുക്കാതിരുന്നതിനാല്‍ ഓവറോള്‍ പട്ടം പോലും സമ്മാനിക്കാതെയായിരുന്നു മേളയുടെ സമാപനം. മേള തീരുമാനിച്ച് ആഴ്ചകളായിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ട്രോഫികള്‍ നല്‍കാന്‍ നടപടിയെടുക്കാതിരുന്നതാണ് സമാപന വേളയുടെ നിറം കെടുത്തിയത്. മൂന്നു ദിവസങ്ങളിലായി താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തിലായിരുന്നു മേള. ശനിയാഴ്ച രാവിലെയാണ് ട്രോഫികള്‍ ഒരുക്കിയിട്ടില്ളെന്ന് സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് ഉച്ചയോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം മാത്രം നടത്തി സംഘാടകര്‍ മുങ്ങി. മേളയുടെ ഭാഗമായുള്ള റോളിങ് ട്രോഫികള്‍ പോലും വേദിയിലത്തെിക്കാനോ വിതരണം ചെയ്യാനോ അധികൃതര്‍ നടപടിയെടുക്കാതിരുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും പ്രതിഷേധം പരത്തി. മേള നടത്തിപ്പിന് ഈ വര്‍ഷം ഏകോപനമുണ്ടായില്ളെന്ന് ആക്ഷേപമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്താറുള്ള ദീപശിഖാ പ്രയാണം, സമാപന സമ്മേളനം എന്നിവ ഇത്തവണ ഒരുക്കിയിരുന്നില്ല. ട്രോഫികളില്ലാത്തതിനാലാണ് സമാപന സമ്മേളനം നടത്താതിരുന്നതെന്നാണ് അധ്യാപകരുടെ നിലപാട്. അതേസമയം, മേള പൂര്‍ണമായും സമാപിച്ചിട്ടില്ലന്നും എല്‍.പി വിഭാഗം ഉപജില്ലാ മേള നടത്തിയ ശേഷം ട്രോഫികള്‍ നല്‍കുമെന്നും തിരൂര്‍ എ.ഇ.ഒ ബാലകൃഷ്ണന്‍ പറഞ്ഞു. പല റോളിങ് ട്രോഫികളും കാലപ്പഴക്കം മൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിയുന്നത്ര ട്രോഫികള്‍ ഉപയോഗ യോഗ്യമാക്കാനും തീരെ ഉപയോഗിക്കാന്‍ കഴിയാത്തവ മാറ്റാനും ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.