എന്‍.പി.ആര്‍ രണ്ടാം ഘട്ട സെന്‍സസ്: പഠനത്തെ ബാധിക്കുമെന്ന് ആശങ്ക

എടക്കര: എന്‍.പി.ആര്‍ രണ്ടാം ഘട്ടത്തിന്‍െറ ഭാഗമായി അടുത്തിടെ തുടങ്ങാനിരിക്കുന്ന സെന്‍സസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുന്നത് പഠനത്തെ ബാധിക്കുമെന്ന് ആശങ്ക. വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരായ നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പത്തും പതിനഞ്ചും ദിവസം നീണ്ടുനില്‍ക്കുന്ന സെന്‍സസ് ഡ്യൂട്ടിക്ക് പ്രൈമറി വിഭാഗം അധ്യാപകരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള പരിശീലനം നവംബര്‍ 27ന് നിലമ്പൂര്‍ താലൂക്ക് ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഓരോ സ്കൂളിലെയും പത്തും ഇരുപതും അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 27 അധ്യാപകരുള്ള തണ്ണിക്കടവ് എ.യു.പി സ്കൂളില്‍നിന്ന് 19 അധ്യാപകര്‍ നിയോഗിതരായിട്ടുണ്ട്. സെന്‍സസ് ഡ്യൂട്ടിക്ക് പോകുന്നതോടെ പ്രൈമറി ക്ളാസുകളില്‍ ആളില്ലാത്ത അവസ്ഥ വരും. ഓരോ പ്രവൃത്തി ദിവസവും നിശ്ചിത മണിക്കൂര്‍ അധ്യാപകര്‍ കുട്ടികളോടൊപ്പമുണ്ടാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. കൂടാതെ 200 അധ്യയന ദിനം വേണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സെന്‍സസും ഇലക്ഷന്‍ ഡ്യൂട്ടിയുമാണ് അധ്യാപക ജോലിക്ക് പുറമെ ചെയ്യേണ്ടതുള്ളൂ. എന്നാല്‍, വിദ്യാഭ്യാസ അവകാശ നിയമത്തിന് തീര്‍ത്തും എതിരായ നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അധ്യാപകര്‍ക്ക് നല്‍കുന്ന വേതനത്തേക്കാള്‍ നേരിയ വര്‍ധന വരുത്തി എംപ്ളോയ്മെന്‍റ് മുഖേന ആളെ നിയമിച്ചാല്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് അനുഗ്രഹമാകുമെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് മൂലം പഠനം അവതാളത്തിലാകുന്നതില്‍ പി.ടി.എ, എസ്.എം.സി കമ്മിറ്റികളും രക്ഷിതാക്കളും കടുത്ത അതൃപ്തിയിലാണ്. ജില്ലാ വിദ്യാഭ്യാസ ഓഫിസറെ കണ്ട് പ്രതിഷേധം അറിയിക്കാനുള്ള തയാറെടുപ്പിലാണ് പി.ടി.എ കമ്മിറ്റികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.