സുജിതക്കായി 14 ബസുകള്‍ ഓടിയെടുത്തത് രണ്ടു ലക്ഷത്തോളം രൂപ

മലപ്പുറം: സഹജീവി സ്നേഹത്തിന്‍െറ ഊഷ്മളമായ മാതൃക തീര്‍ത്താണ് മലപ്പുറം-പള്ളിപ്പുറം-മഞ്ചേരി റൂട്ടിലോടുന്ന 14 ബസുകള്‍ ചൊവ്വാഴ്ച രാത്രി ട്രിപ്പ് അവസാനിപ്പിച്ചത്. നിര്‍ധന യുവതിയുടെ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ സഹായ പദ്ധതിയിലേക്ക് 14 ബസുകളിലെ ജീവനക്കാര്‍ കലക്ഷനായും പിരിച്ചെടുത്തും നല്‍കിയത് 1,90,580 രൂപ. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിലെ പരേതനായ ചെമ്പ്രാട്ട് വിജയകുമാറിന്‍െറ മകള്‍ സുജിതയുടെ (22) ചികിത്സാ സഹായാര്‍ഥമാണ് നാസ്, ക്ളാസിക്, ബി.ടി.എസ്, അഫ്രാദ്, അറഫ, പി.ടി.എന്‍, പി.ടി.എ, കൂരിമണ്ണില്‍, അദ്നാന്‍, മോളൂട്ടി, ടോപ്സ്റ്റാര്‍, മൈസണ്‍സ്, ബ്രൈറ്റ് എന്നീ ബസുകള്‍ ചൊവ്വാഴ്ച സര്‍വിസ് നടത്തിയത്. അങ്ങാടികളില്‍ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പിരിവും നടന്നിരുന്നു. ചെക്പോസ്റ്റ് പൗരസമിതി 13700 രൂപ പിരിച്ചെടുത്ത് ഓരോ ബസുകാര്‍ക്കും നല്‍കി. മലപ്പുറം ടൗണ്‍, കോട്ടപ്പടി, കൂട്ടിലങ്ങാടി, മഞ്ചേരി, പന്തലൂര്‍ എന്നിവിടങ്ങളിലും നാട്ടുകാര്‍ ഒപ്പം ചേര്‍ന്നു. കൂരിമണ്ണില്‍-23551, ബ്രൈറ്റ്-8794, മൈസണ്‍സ്-9000, അറഫ-9045, ക്ളാസിക്-16535, നാസ്-16305, ടോപ്സ്റ്റാര്‍ -11350, മോളൂട്ടി-14700, പി.ടി.എ-12500, അഫ്റാദ്-12000, അഫ്റാദ്-13000, ബി.ടി.എസ്-15300, പി.ടി.എന്‍- 23500, അദ്നാന്‍-5000 എന്നിങ്ങനെ തുക സംഘടിപ്പിച്ച് നല്‍കിയത്. ഇന്ധനക്കൂലി മാത്രമാണ് ചെലവായി കണക്കാക്കിയത്. മുഴുവന്‍ ജീവനക്കാരും തങ്ങളുടെ വേതനംകൂടി ചികില്‍സാസഹായത്തിലേക്ക് നല്‍കിയപ്പോള്‍ സുജിതയുടെ കുടുംബത്തിന് സ്നേഹത്തിന്‍െറ കൈത്താങ്ങായി അത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.