തിരുനാവായ-ഗുരുവായൂര്‍ റെയില്‍പാത: സര്‍ക്കാര്‍ നടപടിയില്‍ നാട്ടുകാര്‍ക്ക് പ്രതീക്ഷ

തിരുനാവായ: 2016-17 റെയില്‍വേ ബജറ്റിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനും റെയില്‍വേ മന്ത്രിക്കും സമര്‍പ്പിച്ച ആവശ്യങ്ങളില്‍ 25 വര്‍ഷം മുമ്പ് അനുമതി ലഭിച്ച തിരുനാവായ-ഗുരുവായൂര്‍ പാതയുടെ പൂര്‍ത്തീകരണം ഉള്‍പ്പെടുത്തിയതില്‍ നാട്ടുകാര്‍ക്ക് ആഹ്ളാദം. യഥാസമയം സ്ഥലമേറ്റെടുത്ത് നല്‍കാത്തതിനാല്‍ റെയില്‍വേ മന്ത്രാലയം ഈ പാത ഉപേക്ഷിച്ചെന്നും ഇതിന്‍െറ ആവശ്യത്തിനായി തുറന്നിരുന്ന സ്ഥലമേറ്റെടുക്കല്‍ ഓഫിസുകള്‍ പൂട്ടിയെന്നുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ സര്‍ക്കാര്‍ നടപടി പ്രദേശവാസികളില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ് കുറ്റിപ്പുറത്തുനിന്ന് ഗുരുവായൂരിലേക്ക് പാത നിര്‍മിക്കാനായി സര്‍വേ പൂര്‍ത്തിയാക്കി ആറിടങ്ങളില്‍ സ്റ്റേഷനുകള്‍ നിര്‍ണയിച്ച് മുന്‍ കേന്ദ്രമന്ത്രി കെ. കരുണാകരന്‍ ഗുരുവായൂരില്‍ 1995 ഡിസംബര്‍ 17ന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച പാതയാണിത്. പിന്നീട് കേന്ദ്ര മന്ത്രിസഭ മാറിയതോടെയാണ് പദ്ധതി തകിടം മറിഞ്ഞ് താനൂരില്‍ നിന്നും തിരൂരില്‍ നിന്നുമൊക്കെ തുടങ്ങാന്‍ നീക്കമുണ്ടായത്. ഇതിനായി പലയിടത്തും ഭൂമി ഏറ്റെടുക്കല്‍ ഓഫിസുകള്‍ തുറക്കുകയും ഉപഗ്രഹ സര്‍വേകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ജനസാന്ദ്രതയുടെയും ആരാധനാലയങ്ങളുടെയും കോള്‍മേഖലകളുടെയും പേരില്‍ ജനം എതിര്‍പ്പുമായി രംഗത്തത്തെിയതോടെ സര്‍വേകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, ഇത്തരം ആവശ്യങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനുമായി ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവിട്ടത്. കഴിഞ്ഞ ബജറ്റിലും സര്‍ക്കാര്‍ തിരുനാവായ-ഗുരുവായൂര്‍ പാതക്ക് അഞ്ചുകോടി അനുവദിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനത്തിന്‍െറ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണ് സര്‍ക്കാറിന്‍േറതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.