തെരഞ്ഞെടുപ്പ് തോല്‍വി; മുസ്ലിം ലീഗ് പുലാമന്തോള്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു

പുലാമന്തോള്‍: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പുലാമന്തോള്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കമ്മിറ്റി ഭാരവാഹികളെയും മറ്റും പെരിന്തല്‍മണ്ണയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിലവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അണികളില്‍നിന്നുള്ള വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വ്യക്തമായ ഭൂരിപക്ഷവുമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് ലീഗായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. 20ല്‍ 11 സീറ്റുള്ള ഭരണപക്ഷത്ത് എട്ട് സീറ്റ് ലീഗിനായിരുന്നു. എന്നാല്‍, ഇത്തവണ ലീഗിന്‍െറ അഞ്ച് സീറ്റുകളാണ് സി.പി.എമ്മിന് അടിയറ വെക്കേണ്ടിവന്നത്. കട്ടുപ്പാറയില്‍ രണ്ടും വളപുരത്ത് ഒന്നുമായി മൂന്ന് സീറ്റുകളാണ് ലീഗിന് നേടാനായത്. ലീഗില്‍നിന്ന് അവഗണനയാണെന്ന് പരാതിപ്പെട്ടിരുന്ന കോണ്‍ഗ്രസാകട്ടെ അവരുടെ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ചെമ്മല, ചെമ്മലശ്ശേരി, കുരുവമ്പലം ഭാഗങ്ങളിലൊന്നും ലീഗ് പച്ച തൊട്ടില്ല. ലീഗിന്‍െറ ജില്ലാ നേതാവിന്‍െറ നാട്ടിലെ മൂന്ന് വാര്‍ഡുകളില്‍ നിന്നായി സി.പി.എം നേടിയത് 1200ല്‍ പരം വോട്ടിന്‍െറ ഭൂരിപക്ഷമാണ്. സ്വന്തം വാര്‍ഡായ 19ല്‍ 39 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ലീഗ് ജയിച്ചിരുന്നു. ഇത്തവണ ഈ വാര്‍ഡില്‍ സി.പി.എം നേടിയത് 316 വോട്ടിന്‍െറ ഭൂരിപക്ഷമാണ്. പ്രഗല്‍ഭരും പരിചയസമ്പന്നരുമായവരെ തഴഞ്ഞാണ് ഇത്തവണ ലീഗ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. കമ്മിറ്റിയുടെ പല തീരുമാനങ്ങളും അണികളില്‍ പ്രതിഷേധത്തിന് കാരണമായെങ്കിലും നേതൃത്വം അവ അവഗണിച്ചു. ഇതോടെ അണികള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞതാണ് കൂട്ടത്തോല്‍വിക്ക് കാരണമായതെന്നും സൂചനയുണ്ട്. 15ാം വാര്‍ഡില്‍ വാശിയോടെ ഗോദയിലിറങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയ പ്രസിഡന്‍റ് എം.കെ. റഫീഖ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ഹനീഫ ഇതേ വാര്‍ഡില്‍ മത്സരിക്കാനത്തെിയപ്പോള്‍ പിന്‍വാങ്ങിയതും അണികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.