ലീഗ് അപമാനിക്കുന്നുവെന്ന്; ഇടതുധാരണക്ക് കോണ്‍ഗ്രസ് അണികളുടെ സമ്മര്‍ദം

കരുവാരകുണ്ട്: ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കി പഞ്ചായത്ത് ഭരണം പിടിക്കുക വഴി മുസ്ലിം ലീഗിനോട് കണക്കുതീര്‍ക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന് മുന്നില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കീറാമുട്ടിയാവുന്നു. കോണ്‍ഗ്രസിന് വേണമെങ്കില്‍ തങ്ങളെ നിരുപാധികം പിന്തുണക്കാമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍, ആവശ്യപ്പെട്ടാല്‍ പിന്തുണ തരാന്‍ തയാറുള്ള ഇടതുമായി ചേരാന്‍ പാര്‍ട്ടിക്കാവുന്നുമില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി അനില്‍കുമാറിനെതിരെ ലീഗ് തിരിഞ്ഞേക്കുമോ എന്നാണ് ഭയം. ഈ ഭയം പക്ഷേ, പ്രവര്‍ത്തകര്‍ക്കല്ളെന്നും നേതൃത്വം പറയുന്നു. കോണ്‍ഗ്രസിന്‍െറ ഈ അവസ്ഥയെ മുതലെടുക്കാനാണ് ലീഗ് നീക്കം. ചര്‍ച്ചക്ക് തയറായി കോണ്‍ഗ്രസിലെ ഉന്നതന്‍ വന്നെങ്കിലും ലീഗ് അത് നിരാകരിച്ചു. മന്ത്രിയോ ജില്ലാ നേതൃത്വമോ വരട്ടെയെന്നാണത്രെ ലീഗ് നിലപാട്. ചര്‍ച്ച നടത്തിയാലും ആറുമാസം വരെ പഞ്ചായത്ത് ബോര്‍ഡിലെ ഒരു പദവിയും വിട്ടുനല്‍കാന്‍ തയാറില്ളെന്നും ലീഗ് പറയുന്നു. ലീഗ് നേതൃത്വം പറയുന്നത് അനുസരിക്കാനാണെങ്കില്‍ പിന്നെന്തിന് ത്രികോണ മത്സരം നടത്തിയെന്ന അണികളുടെ ചോദ്യം കോണ്‍ഗ്രസ് നേതൃത്വത്തെ വലക്കുന്നു. അതേസമയം, കഴിഞ്ഞ രണ്ടരവര്‍ഷം ഒമ്പത് അംഗങ്ങളുടെ പിന്‍ബലത്തില്‍ തന്നെയാണ് ബോര്‍ഡ് ലീഗ് ഒറ്റക്ക് ഭരിച്ചത്. എട്ടംഗങ്ങളുള്ള കോണ്‍ഗ്രസും നാലുപേരുള്ള ഇടതും പ്രതിപക്ഷത്തിരുന്നു. ഇതേ പരീക്ഷണം തുടരാനാണ് ലീഗ് നീക്കമെന്നറിയുന്നു. കോണ്‍ഗ്രസ്-ഇടത് ധാരണാനീക്കം നടക്കില്ളെന്ന് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു. 18ന് മാത്രമേ നിലപാട് പ്രഖ്യാപിക്കൂ എന്നാണ് സി.പി.എം പറയുന്നത്. നീക്കം പൊളിഞ്ഞാല്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസും സി.പി.എമ്മും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഇവര്‍ക്കിടയില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെ തങ്ങളുടെ നോമിനികള്‍ക്ക് ജയിച്ചുകയറാം എന്നാണ് ലീഗ് കണക്കുകൂട്ടല്‍. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പേരില്‍ ലീഗിനെ പേടിച്ച് അപമാനിതരാവുന്നത് അംഗീകരിക്കില്ളെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്‍െറ പേരില്‍ ലീഗിനോട് അങ്ങോട്ട് ചര്‍ച്ചക്ക് പോകുന്ന ചില ഉന്നതരുടെ നിലപാട് ശരിയുമല്ല. ഡി.സി.സിയെ ധിക്കരിച്ച് ത്രികോണ പോരാട്ടം നടത്താമെങ്കില്‍ സി.പിഎമ്മുമായി ധാരണയുണ്ടാക്കുന്നതിനും നേതൃത്വത്തിന്‍െറ പച്ചക്കൊടി വേണ്ടെന്നാണ് ഇവരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.