രോഗികളെ വരിയില്‍ നിര്‍ത്തി കുഴിമണ്ണ പി.എച്ച്.സിയിലെ ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു

കൊണ്ടോട്ടി: രോഗികളെ പാതിവഴിയിലിട്ട് ഡോക്ടര്‍മാര്‍ മുങ്ങി. കുഴിമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളിയാഴ്ചയാണ് രോഗികളെ പൂര്‍ണമായും പരിശോധിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും സ്ഥലംവിട്ടത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്ന് ഡോക്ടര്‍ എത്തിയ ശേഷമാണ് രോഗികളെ പരിശോധിച്ചത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ഉള്‍പ്പോരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജന്‍സീനയും താല്‍ക്കാലിക ഡോക്ടറായ ഡോ. ബിന്ദുവും പരിശോധന നിര്‍ത്തിവെച്ച് സ്ഥലംവിടുകയായിരുന്നു. ഇവര്‍ പരിശോധന നിര്‍ത്തി പോയതാണെന്ന് കേന്ദ്രത്തിലെ മറ്റ് ജീവനക്കാരോടൊന്നും പറഞ്ഞില്ല. തുടര്‍ന്ന് വന്ന നൂറോളം പേര്‍ക്ക് കൗണ്ടറില്‍നിന്ന് ഒ.പി ശീട്ട് നല്‍കുകയും ചെയ്തു. ജുമുഅക്ക് പോവാനുള്ള സമയമായിട്ടും ഡോക്ടര്‍മാരെ കാണാത്തതിനാല്‍ നാട്ടുകാര്‍ ബഹളംവെച്ചു. രോഗികളില്‍ ചിലര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരമറിയിച്ചു. പ്രശ്നപരിഹാരത്തിനായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുകയെ ചുമതലപ്പെടുത്തി. ഇവര്‍ കൊണ്ടോട്ടി സി.എച്ച്.സിയുമായി ബന്ധപ്പെട്ട് ഡോ. സുരേഷിനെ കുഴിമണ്ണയിലേക്ക് മാറ്റി. ഇദ്ദേഹം എത്തിയശേഷമാണ് രോഗികളെ പരിശോധിച്ചത്. ഉച്ചയോടെ ഡോ. രേണുക കുഴിമണ്ണയിലത്തെി. മുന്‍ വാര്‍ഡ് അംഗം വളപ്പന്‍ ബാവയും നിരവധി രോഗികളും രേഖാമൂലം പരാതി നല്‍കി. സേവനം നിര്‍ത്തി മുങ്ങിയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചിട്ടും ഇവര്‍ ജോലിക്ക് എത്താന്‍ കൂട്ടാക്കിയില്ല. ഇരുവരോടും ഡെപ്യൂട്ടി ഡി.എം.ഒ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു താല്‍ക്കാലിക ഡോക്ടറടക്കം നിലവില്‍ മൂന്ന് ഡോക്ടര്‍മാരുണ്ട് കുഴിമണ്ണയില്‍. ഇവിടത്തെ മെഡിക്കല്‍ ഓഫിസറായ ഡോ. മര്‍വാകുഞ്ഞ് സൈക്യാട്രിസ്റ്റാണ്. ഇവര്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പോവേണ്ടതിനാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണിവിടെ ഉണ്ടാവുക. മറ്റ് രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ കുത്തിവെപ്പിനും മറ്റുമായി പുറത്തുപോവും. ദിവസവും ശരാശരി 400ഓളം രോഗികള്‍ ചികിത്സതേടി എത്താറുണ്ട്. മെഡിക്കല്‍ ഓഫിസറെ മാറ്റി സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു മെഡിക്കല്‍ ഓഫിസറുണ്ടായാല്‍ മറ്റ് രണ്ടുപേരുടെ ജോലിഭാരം കുറയുമെന്നതിനാല്‍ മര്‍വാകുഞ്ഞിനെ മാറ്റണമെന്ന പ്രതിഷേധമാണ് രണ്ടുപേരും ഇടക്ക്വെച്ച് ജോലി നിര്‍ത്തി പോയതാണെന്നറിയുന്നത്. എന്നാല്‍, വെള്ളിയാഴ്ച ഇവിടെ രോഗികള്‍ കുറവാണുണ്ടാവാറെന്നും 11.30ഓടെ വന്ന രോഗികളെ പരിശോധിച്ചതിന് ശേഷമാണ് ഇരുവരും പോയതെന്നുമാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഒരു മണിവരെ ഡോക്ടര്‍മാര്‍ കേന്ദ്രത്തില്‍ വേണമെന്നതാണ് ചട്ടം. ഡോക്ടര്‍മാര്‍ തമ്മില്‍ ഒരു പ്രശ്നവുമില്ളെന്നും രോഗികള്‍ കഴിഞ്ഞെന്ന ധാരണയിലാണ് ഇരുവരും പോയതെന്നും കൗണ്ടറില്‍ പറയാതെപോയത് തെറ്റായിപ്പോയെന്നും മെഡിക്കല്‍ ഓഫിസര്‍ മര്‍വാ കുഞ്ഞ് ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവമറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ അസീസ്, വി.പി. ദിനേഷ്, റഊഫ്, പൊതുപ്രവര്‍ത്തകരായ വാര്‍ഡ് അംഗം സിദ്ദീഖ്, വളപ്പന്‍ ബാവ, ബിച്ചാപ്പു എന്നിവര്‍ സംഭവസ്ഥലത്തത്തെി രോഗികളുമായി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.