മേലാറ്റൂര്‍: നല്ല പാതിയില്‍നിന്ന് പ്രതിജ്ഞ ഏറ്റു ചൊല്ലി മറിയക്കുട്ടി അഞ്ചാം തവണയും ജനപ്രതിനിധിയായി. എടപ്പറ്റ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി ടി.ജെ. മറിയക്കുട്ടിക്കാണ് സ്വന്തം ഭര്‍ത്താവില്‍നിന്ന് പ്രതിജ്ഞ ഏറ്റു ചൊല്ലി ജനപ്രതിനിധിയാവാന്‍ ഭാഗ്യം ലഭിച്ചത്. പ്രായം കൂടിയ അംഗമെന്ന നിലക്ക് മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ അവസരം ലഭിച്ചത് ജോര്‍ജ് മാത്യുവിനായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കാളികാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഏപ്പിക്കാട് എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച മറിയക്കുട്ടി. ഭര്‍ത്താവും റിട്ട. ഹിന്ദി അധ്യാപകനുമായ പുത്തന്‍പുരക്കല്‍ ജോര്‍ജ് മാത്യു എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഇരുവരും ഇത്തവണ മത്സരിച്ചത് ഗ്രാമപഞ്ചായത്തിലേക്ക്. ആറാം വാര്‍ഡ് പുന്നക്കല്‍ ചോലയില്‍നിന്ന് മുസ്ലിം ലീഗിന്‍െറ സി.കെ. ബഷീറിനെ തോല്‍പിച്ച് ജോര്‍ജും 12ാം വാര്‍ഡ് പുല്ലുപറമ്പില്‍നിന്ന് സി.പി.എമ്മിലെ രജനിയെ പരാജയപ്പെടുത്തി മറിയക്കുട്ടിയും ഗ്രാമപഞ്ചായത്തിലത്തെി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ മറിയക്കുട്ടി പ്രസിഡന്‍റാവാന്‍ സാധ്യതയുണ്ട്. വാശിയേറിയ ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ ആറ് സീറ്റുകളുമായി കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്ത്. മറിയക്കുട്ടി പ്രസിഡന്‍റും ജോര്‍ജ് മാത്യു വൈസ് പ്രസിഡന്‍റുമായാല്‍ അപൂര്‍വ ഭരണ നേതൃത്വമാകും എടപ്പറ്റയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.