കേന്ദ്രസര്‍ക്കാറിന്‍െറ ഭവനപദ്ധതിയിലും മഞ്ചേരി നഗരസഭയില്ല

മഞ്ചേരി: ലക്ഷം ജനസംഖ്യയുള്ള നഗരസഭകളിലും കോര്‍പറേഷനുകളിലും പി.എം.ആര്‍.വൈ ഭവനപദ്ധതിക്ക് അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേരി നഗരസഭയെ പരിഗണിച്ചില്ല. ലക്ഷത്തിന് മുകളിലാണ് മഞ്ചേരി നഗരസഭയിലെ ജനസംഖ്യ. ഭവനരഹിതര്‍ കൂടുതലുള്ള നഗരസഭയുമാണ്. ഇപ്പോള്‍ തലസ്ഥാന ജില്ലയിലെ നഗരസഭകളെയും ജില്ലാ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നഗരസഭാ, കോര്‍പറേഷനുകളെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. പ്രത്യേക മാനദണ്ഡങ്ങളില്ലാതെയാണിത്. പദ്ധതിയില്‍ മലപ്പുറം നഗരസഭയുണ്ട്. ജില്ലാ ആസ്ഥാനത്തെ നഗരസഭയെന്ന പരിഗണനയാണ് ലഭിച്ചത്. മഞ്ചേരി നഗരസഭയില്‍ അടിസ്ഥാന വികസനത്തിന് നേരത്തേ ഐ.എച്ച്.എസ്.ആര്‍.ഡി.പി പദ്ധതിക്ക് പരിഗണിക്കാതെപോയതിലും വിവേചനമാണ് കാണിച്ചത്. സമയബന്ധിതമായി പദ്ധതി നല്‍കിയിട്ടും യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയിലും പരിഗണന ലഭിച്ചില്ല. ഏറ്റവും ഒടുവിലാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതിയിലെ പ്രതീക്ഷ. ജനറല്‍ വിഭാഗത്തിന് വീടുനിര്‍മാണത്തിന് രണ്ടു ലക്ഷം രൂപ നല്‍കുന്നതാണ് പദ്ധതി. കേന്ദ്ര പദ്ധതികളൊന്നും ലഭിക്കാതെ പോയപ്പോഴാണ് നഗരസഭ മറ്റു വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 12 കോടി രൂപ വിനിയോഗിച്ച് 600 കുടുംബങ്ങള്‍ക്ക് വീട് നല്‍കിയത്. ഇതില്‍ 10 കോടിരൂപയും മുന്‍കൂറായി പലിശക്ക് കടമെടുത്തതാണ്. തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നു. മഞ്ചേരി നഗരസഭയെ പദ്ധതിക്ക് പരിഗണിക്കണമെന്ന് ഭരണസമിതി പ്രതിനിധികള്‍ പ്രമേയമവതരിപ്പിച്ചു. ക്ഷേമ പെന്‍ഷനുകള്‍ മണിയോര്‍ഡറായി വിതരണം ചെയ്യണമെന്നും നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.