കൊണ്ടോട്ടി കോണ്‍ഗ്രസിനെതിരെ സംസ്ഥാന–ജില്ലാ നേതൃത്വം

കൊണ്ടോട്ടി: സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരണം പങ്കിടുന്ന നഗരസഭയിലെ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രഹരവുമായി സംസ്ഥാന-ജില്ലാ നേതൃത്വം രംഗത്ത്. സി.പി.എമ്മുമായി ഒരുവിധ ബന്ധവും പാടില്ളെന്ന് തുടക്കം മുതലേ നിലപാടെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിക്ക് നഗരസഭയില്‍ പാര്‍ട്ടിയുടെ ചാര്‍ജ് നല്‍കിയാണ് നേതൃത്വം തിരിച്ചടിച്ചത്. നിലവിലെ ഒമ്പതംഗ നഗരസഭാ കമ്മിറ്റിയില്‍ ഇതേ നിലപാടുള്ള ചിലരുണ്ടായിരുന്നു. ഇവരെപ്പോലും മാറ്റിനിര്‍ത്തിയാണ് റിയാസ് മുക്കോളിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്. കെ.പി.സി.സി അധ്യക്ഷന്‍ നയിക്കുന്ന കേരളയാത്രയോടനുബന്ധിച്ച് രണ്ട് മാസത്തേക്കാണ് ചുമതല. നഗരസഭയിലെ പ്രധാനപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് പ്രാദേശിക നേതൃത്വത്തെ അമ്പരപ്പിച്ച തീരുമാനമുണ്ടായത്. സ്ഥാനത്തിനായി നാലുപേര്‍ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 27ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നത് നേതൃത്വത്തിന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണറിയുന്നത്. സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിച്ചതിന് കൊണ്ടോട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പിരിച്ചുവിട്ടിരുന്നു. നെടിയിരുപ്പില്‍ മൂന്നുപേര്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചിരുന്നു. ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിനൊപ്പം ചേര്‍ന്നു. ഇവര്‍ക്കെതിരെ നടപടി കനക്കുമെന്നാണറിയുന്ന്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് ലഭിച്ചിട്ടില്ളെന്നാണ് ചിഹ്നത്തില്‍ മത്സരിച്ചവര്‍ പറഞ്ഞത്. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്‍റും സി.പി.എം ബന്ധത്തെതുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റി പ്രസിഡന്‍റുമടക്കമുള്ളവര്‍ചേര്‍ന്ന് ആഴ്ചകള്‍ക്കുമുമ്പ് നഗരത്തില്‍ സി.പി.എമ്മിനെതിരെ പ്രകടനം നടത്തിയിരുന്നു. ഇവര്‍ക്കെല്ലാം തിരിച്ചടിയായാണ് റിയാസിന്‍െറ സ്ഥാനാരോഹണം വിലയിരുത്തപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.