നിലമ്പൂർ: ജില്ലാ പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷമുള്ള നിലമ്പൂർ ജില്ലാ ആശുപത്രിയുടെ പ്രഥമ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ ചേർന്ന എച്ച്.എം.സി യോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തു. കുട്ടികളുടെ കിടത്തിച്ചികിത്സാ വാർഡ് വിപുലപ്പെടുത്തലിനാണ് പ്രഥമ പരിഗണന. നിലവിൽ 33 ബെഡുകളാണ് കുട്ടികളുടെ വാർഡിലുള്ളത്. അഡ്മിറ്റാവുന്ന കുട്ടികളുടെ എണ്ണം കൂടിയത് കാരണം ഹാളുകളിൽ കൂടി ബെഡ് ഇട്ടിരിക്കുകയാണ്. നിലവിൽ 68 കുട്ടികൾ കിടത്തിച്ചികിത്സയിലുണ്ട്. ഓരോ മാസവും 50 മുതൽ 60 വരെ കുട്ടികൾ കിടത്തിച്ചികിത്സക്ക് വിധേയമാകുന്നുണ്ട്. നിലവിലെ കെട്ടിടത്തിെൻറ മുകളിലെ നില കുട്ടികളുടെ കിടത്തിച്ചികിത്സക്ക് സൗകര്യപ്പെടുത്താനാണ് ഉദ്ദേശ്യം. ഒരു കോടി രൂപയാണ് ഇതിന് ചെലവ് കാണുന്നത്. പവർ ഫിനാൻസ് കോർപറേഷെൻറ 50 ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. ജില്ലാ പഞ്ചായത്തിൽനിന്ന് 50 ലക്ഷം രൂപ കൂടി വകയിരുത്താനാണ് തീരുമാനം. എം.പി ഫണ്ട് ഉപയോഗിച്ച് ഹൈടെക് ആംബുലൻസും ചെറിയ ആംബുലൻസും അനുവദിക്കാമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി അറിയിച്ചിട്ടുണ്ട്. ഫണ്ട് കിട്ടിയാൽ ഉടൻ ആംബുലൻസ് വാങ്ങും. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ ദിവസവേതന വർധനവ് എകീകരിക്കാനും തീരുമാനമായി. തിരൂർ, മഞ്ചേരി ജില്ലാ ആശുപത്രികളിൽ താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്ന അതേ വേതനം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കും ലഭ്യമാക്കും. 54 ദിവസവേതനക്കാരാണ് ഇവിടെയുള്ളത്. കാൻറീൻ സൗകര്യം ഉടനെ പ്രയോജനപ്പെടുത്താനും ആശുപത്രിയുടെയും കാരുണ്യ ഫാർമസിയുടെയും പ്രവർത്തനം നിലവിലേതുപോലെ 24 മണിക്കൂർ തുടർന്ന് പോരാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എച്ച്.എം.സി അംഗങ്ങളും ആശുപത്രി സൂപ്രണ്ട് ഡോ. സിമാമുവും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.