പരപ്പനങ്ങാടി നഗരസഭയില്‍ ഗുണഭോക്താക്കള്‍ വട്ടം കറങ്ങുന്നു

പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്തില്‍നിന്ന് നഗരസഭയിലേക്ക് വഴിമാറിയ പരപ്പനങ്ങാടിയില്‍ ഗുണഭോക്താക്കള്‍ വട്ടം കറങ്ങുന്നു. ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭ്യമാകേണ്ട അവകാശങ്ങള്‍ക്ക് നഗരസഭയില്‍ കയറി വരുന്ന ഗുണഭോക്താക്കളാണ് സാങ്കേതിക കുരുക്കില്‍പെട്ട് അനിശ്ചിതത്വത്തിലാകുന്നത്. നഗരസഭ ഘടനയില്‍ വി.ഇ.ഒ തസ്തിക ഇല്ളെന്നിരിക്കെ വി.ഇ.ഒമാരെ സര്‍ക്കാര്‍ സമീപ പഞ്ചായത്തുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ മുനിസിപ്പാലിറ്റിയുടെ ഓഫിസ് ഇന്‍ചാര്‍ജ് നല്‍കി നില നിര്‍ത്തിയെങ്കിലും നഗരസഭ സെക്രട്ടറിമാരുടെ അധികാരം നല്‍കിയതായി സര്‍ക്കാര്‍ ഉത്തരവായിട്ടില്ല. ആനുകൂല്യങ്ങള്‍ ഘട്ടംഘട്ടമായി ലഭിക്കാന്‍ വി.ഇ.ഒമാര്‍ ഒപ്പ് വെക്കണമെന്ന ചട്ടം എന്തു ചെയ്യുമെന്നറിയാതെ സെക്രട്ടറിമാര്‍ സര്‍ക്കാറിലേക്ക് വിശദീകരണം തേടിയിട്ടും മറുപടിയില്ലാതായതോടെയാണ് നടപടിക്രമങ്ങള്‍ വഴിയടഞ്ഞ് ഗുണഭോക്താക്കള്‍ പ്രതിസന്ധിയിലായത്. നാട്ടുകാര്‍ പരാതിപ്പെട്ടതോടെ ബുധനാഴ്ച ചേരാനിരുന്ന പരപ്പനങ്ങാടി നഗരസഭ യോഗം ഇക്കാര്യത്തില്‍ ഒരു തീരുമാനമാകാതെ ചേരാന്‍ അനുവദിക്കില്ളെന്ന നിലപാടുമായി ദേവന്‍ ആലുങ്ങലിന്‍െറ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര നഗരസഭാ ഹാളില്‍ പ്രതിഷേധിച്ചു. പി.സി. സാമുവല്‍ ജീവനക്കാരുടെ നിസ്സഹായത പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷം സഭ ചേരേണ്ടതില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് സമീപ ഗ്രാമപഞ്ചായത്തായ മൂന്നിയൂരിലെ വി.ഇ.ഒയെ വിളിച്ചു വരുത്തി. ആഴ്ചയില്‍ രണ്ടു ദിവസം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ചാര്‍ജെടുക്കാമെന്ന ധാരണയിലാണ് നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നേരത്തേ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലുണ്ടായിരുന്ന വി.ഇ.ഒയെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലേക്കാണ് നിയമിച്ചിട്ടുള്ളത്. അതേസമയം, ഗ്രാമപഞ്ചായത്ത് ഒൗദ്യോഗികമായി നഗരസഭയായി മാറിയിരിക്കുന്നു എന്നതിനപ്പുറം ഒൗദ്യോഗികമായി ഒരു മാറ്റവും ഉണ്ടായിട്ടില്ളെന്നും പുതിയ നഗരസഭകള്‍ മൊത്തം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണിതെന്നും ജീവനക്കാരാണ് ഏറെ പ്രതിസന്ധി നേരിടുന്നതെന്നും സെക്രട്ടറി പി.സി. സാമുവല്‍ പറഞ്ഞു. അഭിനന്ദിച്ചു പരപ്പനങ്ങാടി: ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നഗരസഭയില്‍ ഗുണപരമായ നിലപാട് സ്വീകരിച്ച പ്രതിപക്ഷ ജനകീയ വികസന മുന്നണി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ വെല്‍ഫെയര്‍ പാര്‍ട്ടി നഗരസഭ യോഗം അഭിനന്ദിച്ചു. ആര്‍. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കളുടെ അവകാശം നേടിയെടുക്കാന്‍ നിലപാട് സ്വീകരിച്ച കൗണ്‍സിലര്‍മാരെ ജനകീയ വികസന മുന്നണി ട്രഷറര്‍ ഇ.എസ്. സുലൈമാന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.