വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കും –കലക്ടര്‍

മലപ്പുറം: വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിലവിലുള്ള നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍ണ സഹകരണം വേണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ നല്‍കുന്ന പ്രവണത രക്ഷിതാക്കള്‍ അവസാനിപ്പിക്കണമെന്നും പ്രവൃത്തി സമയത്ത് വിദ്യാര്‍ഥികളെ അത്യാവശ്യ കാര്യങ്ങള്‍ അറിയിക്കേണ്ടിവരികയാണെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തിലെ ഫോണിലൂടെ അറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഓപറേഷന്‍ വാത്സല്യയുടെ മോണിറ്ററിങ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ ക്ളാസ് ഒഴിവാക്കി റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ പൊലീസും റെയില്‍വേയും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കുറ്റിപ്പുറം, പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് റെയില്‍വേയോട് കലക്ടര്‍ നിര്‍ദേശിച്ചു. പ്രധാന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന്‍െറ സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചു. നവംബറില്‍ 13 കേസുകളിലായി 19 കുട്ടികളെയാണ് ജില്ലയില്‍ കാണാതായത്. ഇതില്‍ ഒന്നൊഴികെ ബാക്കി എല്ലാവരെയും കണ്ടത്തെിയതായി പൊലീസ് അറിയിച്ചു. സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നിതിനെക്കുറിച്ചും ശാസ്ത്രീയ ശിശുപരിപാലന രീതികളെക്കുറിച്ചും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്ക് ക്ളാസ് സംഘടിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, അഡ്വ. ടി. അബ്ബാസ്, പി. മുഹമ്മദ് ഫസല്‍, എസ്.ഐ രവി സന്തോഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍മാരായ പി. ഫാറൂഖ്, ടി.കെ. അബ്ദുസ്സലാം, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ കെ.ടി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.