ഫര്‍ഷാദിന്‍െറ മരണം: ഒരു വര്‍ഷമായിട്ടും ദുരൂഹത നീങ്ങിയില്ല

മലപ്പുറം: മോങ്ങം പുത്തന്‍പീടിയക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ കെ. ഫര്‍ഷാദിന്‍െറ മരണം സംബന്ധിച്ച ദുരൂഹത ഒരു വര്‍ഷം പിന്നിട്ടിട്ടും നീങ്ങിയില്ല. മൊറയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ഫര്‍ഷാദ് എന്‍.എസ്.എസ് ക്യാമ്പിനിടെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നായിരുന്നു സംഭവം. ചീക്കോട് പഞ്ചായത്തിലെ പൊന്നാട് ഗവ. എല്‍.പി സ്കൂളിലായിരുന്നു ക്യാമ്പ്. സമീപത്തെ തടപ്പറമ്പിലെ കോഴിത്തൊടി പള്ള്യാളി പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ചത്. മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായതായും ബന്ധുക്കള്‍ ആരോപിച്ചു. ശാന്തശീലനായിരുന്ന ഫര്‍ഷാദ് ക്യാമ്പില്‍നിന്ന് ഒറ്റക്ക് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് പോകില്ളെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ വാഴക്കാട് പൊലീസില്‍ നല്‍കിയ മൊഴിയില്‍ ഫര്‍ഷാദിനൊപ്പം അഞ്ച് വിദ്യാര്‍ഥികളുണ്ടായിരുന്നതായി പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മരണ വിവരം യഥാസമയം തങ്ങളെ അറിയിക്കാന്‍ പോലും സ്കൂള്‍ അധികൃതര്‍ തയാറായില്ല. ഫര്‍ഷാദിന്‍െറ വസ്ത്രം അടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ചിട്ടുമില്ല. അന്വേഷണം ഊര്‍ജിമാക്കി ദുരൂഹത നീക്കണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. അന്വേഷണം ഒതുക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.