സാജിത വധം: പൊലീസ് അലംഭാവത്തിനെതിരെ എസ്.പി ഓഫിസ് മാര്‍ച്ച്

മലപ്പുറം: എടയൂര്‍ ചേനാടംകുളമ്പിലെ ക്വാറിയില്‍ ചോലശ്ശേരി മൂസയുടെ മകള്‍ സാജിത (32) ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും പാങ്ങ് പൊതുപ്രവര്‍ത്തക സമിതി, മനുഷ്യാവകാശ പ്രവര്‍ത്തകരും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കലക്ടറേറ്റ് പടിക്കല്‍നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. കേസില്‍ തുടക്കം മുതല്‍ പൊലീസ് പുലര്‍ത്തുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മരണം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ അരലക്ഷം രൂപ പിരിവെടുത്ത് നല്‍കിയ ശേഷമാണ് കാണാതായ അസം സ്വദേശികളെത്തേടി പൊലീസ് അവിടേക്ക് പോകാന്‍ തയാറായത്. നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്ന ചില പൗരപ്രമുഖരെക്കുറിച്ച് വിവരം നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറല്ല. മരിച്ച സാജിതയുടെ പിതാവിനെയും മകനെയും ഭീഷണിപ്പെടുത്താനും ചില പൊലീസുകാര്‍ ശ്രമിച്ചതായി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പിതാവിനെയടക്കം അകത്താക്കുമെന്നായിരുന്നവത്രെ അന്വേഷക സംഘത്തില്‍പ്പെട്ട പൊലീസിന്‍െറ ഭീഷണി. ഇതിനെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുറുവ പഞ്ചായത്ത് പ്രസിഡന്‍റ് മുല്ലപ്പള്ളി യൂസുഫ്, ബ്ളോക്ക് അംഗം ഷിഹാബ് പൂഴിത്തറ, പഞ്ചായത്ത് അംഗങ്ങളായ എ.സി. കുഞ്ഞയമു, ജാനകിക്കുട്ടി, സമിതി പ്രസിഡന്‍റ് അബ്ദുന്നാസര്‍ കണക്കയില്‍, സെക്രട്ടറി വി.പി. ഗിരീഷ്, വി.ടി. സമദ്, ഡോ. റാഫി, യു.കെ. ബാലന്‍, ഫാത്തിമ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.