കരിങ്കല്‍ ക്വാറികളില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥ; നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം

വളാഞ്ചേരി: വടക്കുംപുറം, കരേക്കാട് മേഖലകളിലെ ക്വാറികള്‍ പലതും മരണക്കെണികളാകുമ്പോഴും അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഇവിടെയുള്ള രണ്ട് ക്വാറികളില്‍ ആഴ്ചകള്‍ക്കകം രണ്ട് അപകടമരണങ്ങളാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെ വടക്കുംപുറം കരേക്കാടിലെ സ്വകാര്യ വ്യക്തിയുടെ ക്വാറിയില്‍ വീണ് ബംഗാള്‍ സ്വദേശി സുക്രുദ്ദീന്‍ (38) മരിച്ചിരുന്നു. പരിക്കേറ്റ സുക്രുദ്ദീനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ കരേക്കാട് പ്രവര്‍ത്തിക്കുന്ന വിവിധ ക്വാറികളില്‍ അപകടം സംഭവിച്ച് നാല് തൊഴിലാളികളാണ് മരിച്ചത്. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയും മറ്റുള്ളവര്‍ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുന്നതാണ് പതിവ്. പല ക്വാറികളിലും അപകടകരമായ വിധത്തിലാണ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നത്. ഒരു സുരക്ഷയും ഇല്ലാതെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. വടക്കുംപുറം കരേക്കാട് പ്രദേശത്ത് മിച്ചഭൂമിയില്‍ ഉള്‍പ്പടെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് അധികൃതരുടെ മൗനസമ്മതം ഉണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ക്വാറികളില്‍ അപകടം സംഭവിച്ചാലും ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് അപകടം തുടര്‍ക്കഥയാവുതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാങ്ങിലെ ചെങ്കല്‍ ക്വാറിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ കരേക്കാട് സ്വദേശിയും ക്വാറിതൊഴിലാളിയുമായ യുവതിയെ മരിച്ച നിലയില്‍ കണ്ടിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനോ യഥാര്‍ഥ പ്രതികളെ പിടികൂടുവാനോ സാധിച്ചിട്ടില്ല. മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്. അപകടത്തില്‍പ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ പോലും മിക്ക ക്വാറി ഉടമകളും തയാറാവുന്നില്ല. നിയമം അനുശാസിക്കുന്ന രീതിയിലല്ല പല ക്വാറികളും പ്രവര്‍ത്തിക്കുന്നതെന്നും ക്വാറികളുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം വീടുകളിലും ആരാധനാലയങ്ങളിലും വിള്ളല്‍ സംഭവിക്കുന്നുണ്ടെന്നും ഇവക്കെതിരെ പരാതിപ്പെട്ടാലും അധികൃതര്‍ നടപടിയെടുക്കാറില്ളെന്നും നാട്ടുകാര്‍ പറയുന്നു. ജീവനും സ്വത്തിനും ഭീഷണിയുള്ള ക്വാറികള്‍ അടച്ചുപൂട്ടാനാവശ്യമായ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.