മലപ്പുറം: എടരിക്കോട് ഗ്രാമപഞ്ചായത്തിലെ അമ്പലവട്ടത്ത് സ്ഥിതിചെയ്യുന്ന എക്സ് മാര്‍ക് ആഡംബര ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് കുടിവെള്ളം, മലിനജലം, ഖരമാലിന്യം എന്നീ വിഷയങ്ങളില്‍ നാട്ടുകാര്‍ക്കുള്ള ആശങ്ക ദൂരീകരിക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളും കുട്ടികളും പങ്കെടുക്കും. സമാനസംഭവങ്ങളില്‍ മുമ്പ് നടപടിയെടുത്തിരുന്ന ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആഡംബര ഫ്ളാറ്റിന്‍െറ കാര്യത്തില്‍ മാത്രം രാഷ്ട്രീയ പ്രേരിതമായി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഫ്ളാറ്റിനെതിരെ 2012 മുതല്‍ നാട്ടുകാര്‍ സമരരംഗത്തുണ്ട്. ഫ്ളാറ്റില്‍നിന്ന് പുറന്തള്ളേണ്ടിവരുന്ന മാലിന്യത്തിന്‍െറ സംസ്കരണം സംബന്ധിച്ചും കുടിവെള്ളം സംബന്ധിച്ചുമുള്ള നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭകളിലും ഗ്രാമപഞ്ചായത്തിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും പരാതി നല്‍കിയിരുന്നു. ദിവസവും 10000 ലിറ്റര്‍ ജലം മാത്രമെടുക്കാനാണ് ഭൂജലവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, 60 സെന്‍റില്‍ 67 ഫ്ളാറ്റുകളിലായി സ്ഥിതിചെയ്യുന്ന സമുച്ചയത്തിലെ മുഴുവന്‍ ഫ്ളാറ്റുകള്‍ക്കുമായി ഒരുദിവസം ആവശ്യമായത് 40200 ലിറ്ററാണെന്ന് കെട്ടിട ഉടമ നല്‍കിയ അപേക്ഷയില്‍ സൂചിപ്പിക്കുന്നുണ്ട്. ഭൂജലവകുപ്പ് അനുമതി നല്‍കിയതിലും കുടുതല്‍ ജലം ആവശ്യമാണെങ്കില്‍ പുറത്തുനിന്ന് കൊണ്ടുവരാനുള്ള സംവിധാനം കാണേണ്ടതുണ്ട്. ജലഅതോറിറ്റിയുടെ വെള്ളം ഫ്ളാറ്റിലേക്ക് ഉപയോഗപ്പെടുത്തുമെന്ന് നിര്‍മാണത്തിന് മുമ്പ് അറിയിച്ചിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ഫ്ളാറ്റിന്‍െറ 200 മീറ്റര്‍ പരിധിയില്‍ ജലനിധി പദ്ധതിയുടെ മൂന്ന് കിണറുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവക്കുപുറമെ മലിനജലം വീട്ടുകിണറുകളെയും മലിനമയമാക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ഇക്കാര്യങ്ങളില്‍ കൃത്യമായ തീരുമാനമുണ്ടാക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍, ചെയര്‍മാന്‍ സുധീഷ് പള്ളിപ്പുറത്ത്, വാര്‍ഡംഗം പി. കുഞ്ഞലവി, പി. ജനാര്‍ദനന്‍, കെ. രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.