അഞ്ചുവര്‍ഷത്തിനിടെ നളിനീദേവി നീന്തല്‍ പഠിപ്പിച്ചത് 1500ഓളം പേരെ

പെരിന്തല്‍മണ്ണ: വ്യായാമം എന്നതിനപ്പുറം ഒരുപാടുപേരെ നീന്തല്‍ പഠിപ്പിക്കാനായി എന്ന ചാരിതാര്‍ഥ്യത്തിലാണ് 54കാരിയായ നളിനീദേവി. നിത്യവും രാവിലെയും വൈകീട്ടുമായി ഇവര്‍ മൂന്ന് മണിക്കൂറെങ്കിലും കുളത്തില്‍ കുട്ടികള്‍ക്കൊപ്പം നീന്തും. പെരിന്തല്‍മണ്ണ പാതായ്ക്കര കുന്നക്കാവില്‍ കുട്ടിശങ്കരന്‍ നായര്‍-പത്മാവതി ദമ്പതികളുടെ മകള്‍ക്ക് അച്ഛന്‍െറ നീന്തല്‍ മോഹമാണ് പകര്‍ന്ന് കിട്ടിയത്. പെരിന്തല്‍മണ്ണയിലെ ക്ളിനിക്കില്‍ ജോലി ലഭിച്ചതോടെ കുളത്തിലിറങ്ങാന്‍ സമയം ലഭിക്കാതായി. 2010ല്‍ ജോലിക്കിടെ ക്ളിനിക്കിലെ ഡോക്ടറുടെ മകളെ നീന്തല്‍ പഠിപ്പിക്കാന്‍ ഏറ്റതോടെ എന്തുകൊണ്ട് മറ്റ് കുട്ടികളെയും പഠിപ്പിച്ചുകൂടാ എന്ന് മനസ്സിലുയര്‍ന്ന ചോദ്യമാണ് നളിനീദേവിയെ നീന്തല്‍ പരിശീലകയാക്കിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ മൂന്നിനും 60നുമിടയിലുള്ള 1500ലേറെ പേരെ നീന്താന്‍ പഠിപ്പിച്ചു. പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം, മങ്കട ഗ്രാമപഞ്ചായത്തുകളുടെ അഭ്യര്‍ഥനമാനിച്ച് അവിടങ്ങളിലെ കുട്ടികളെ പ്രദേശങ്ങളിലുള്ള കുളങ്ങളില്‍ നീന്തല്‍ പരിശീലനം നല്‍കാന്‍ കഴിഞ്ഞു. തിരൂര്‍ക്കാട് പുളിയക്കുളം, കോരക്കുളം, പരുത്തിപ്പുള്ളി, പുത്തൂര്‍കുളം, ചെരക്കാപറമ്പ് കുളം എന്നിവിടങ്ങളെല്ലാം നളിനിയുടെ പരിശീലന കേന്ദ്രങ്ങളാണ്. ഇതില്‍ മങ്കടയില്‍ പരിശീലനം നല്‍കിയപ്പോള്‍ പഞ്ചായത്തധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫീസ് വാങ്ങിയതൊഴിച്ചാല്‍ പൊതുകുളങ്ങളിലെ പരിശീലനം തീര്‍ത്തും സൗജന്യം. പുത്തൂരമ്പലകുളത്തില്‍ 65കാരി, തന്‍െറ ശിഷത്വം സീകരിച്ച് പഠനം കഴിഞ്ഞ മുത്തശ്ശി ഇപ്പോഴും അമ്പലക്കുളത്തില്‍ നീന്തിത്തുടിക്കുന്നുണ്ടെന്ന് നളിനി പറയുന്നു. സഹോദരന്‍ ബാലഗംഗാധരന് ഒപ്പമാണ് നളിനിയുടെ താമസം. അഞ്ചുവര്‍ഷത്തിനിടെ 1500 പേരെ നീന്തല്‍ പരിശീലിപ്പിച്ചതിന് പെരിന്തല്‍മണ്ണ നഗരസഭ 26ാം വാര്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നളിനിയെ നാട്ടുകാര്‍ ആദരിച്ചിരുന്നു. ജനങ്ങളുടെ ഉപഹാരം വാര്‍ഡ് കൗണ്‍സിലര്‍ നിഷ സുബൈറിന്‍െറ അധ്യക്ഷതയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പച്ചീരി സുബൈര്‍ സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.