അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിന് ശമനം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റിനടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പ്പാലത്തിന്‍െറ വടക്കുഭാഗത്ത് നിര്‍മിച്ച സര്‍വിസ് റോഡ് ഗതാഗത യോഗ്യമാക്കി തുറന്നുകൊടുത്തു. മേല്‍പ്പാലത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം ഒഴിവാക്കാനും വേഗത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള സര്‍വിസ് റോഡാണ് ഇപ്പോള്‍ തുറന്നത്. 300 മീറ്റര്‍ നീളമുള്ള റോഡിന് സമാന്തരമായി അഴുക്ക്ചാലും നിര്‍മിച്ചിട്ടുണ്ട്. ഇതോടെ പാലം നിര്‍മാണഭാഗത്ത് വാഹനങ്ങള്‍ക്ക് രണ്ട് നിരയായി കടന്നുപോകാനുള്ള സൗകര്യമായി. പെരിന്തല്‍മണ്ണയില്‍നിന്ന് അങ്ങാടിപ്പുറത്തേക്കുള്ള നിലവിലെ സര്‍വിസ് റോഡിന്‍െറ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേല്‍പ്പാലം നിര്‍മാണത്തിന്‍െറ ഭാഗമായി 41 സെന്‍റ് സ്വകാര്യ ഭൂമി ഏറ്റെടുത്തത് പ്രധാനമായും ഇപ്പോള്‍ തുറന്ന റോഡ് സൗകര്യപ്പെടുത്തുന്നതിനാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി നടപടികളും കാലവര്‍ഷവും മേല്‍പ്പാലത്തിന്‍െറ നിര്‍മാണപുരോഗതിയെ സാരമായി ബാധിച്ചു. ഈ കുറവ് പരിഹരിക്കാന്‍ പരമാവധി ജീവനക്കാരെ വരും ദിവസങ്ങളില്‍ നിയോഗിക്കുമെന്നും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേല്‍പ്പാലത്തിന്‍െറ സ്ളാബുകള്‍ സ്ഥാപിക്കല്‍, റെയില്‍വേ ഗേറ്റും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും നടത്താന്‍ ബാക്കി. അങ്ങാടിപ്പുറത്ത് യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ പരമാവധി കുറക്കാനും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.