മണ്ണാര്‍മല–പച്ചീരി റൂട്ടില്‍ ബസ് സമരം പിന്‍വലിച്ചു

പെരിന്തല്‍മണ്ണ: പാടെ തകര്‍ന്ന് ഗതാഗതം ദുഷ്കരമായ മണ്ണാര്‍മല-പീടികപ്പടി-ഈസ്റ്റ് മണ്ണാര്‍മല-പച്ചീരി റോഡില്‍ ചൊവ്വാഴ്ച മുതല്‍ പെരിന്തല്‍മണ്ണ താലൂക്ക് ബസുടമ സംഘം നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. തിങ്കളാഴ്ച പെരിന്തല്‍മണ്ണ ജോയന്‍റ് ആര്‍.ടി.ഒ സി.എം. ഷരീഫ്, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഹംസക്കുട്ടി എന്നിവര്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് നിര്‍ത്തിവെച്ച ബസോട്ടം താല്‍ക്കാലികമായി പുനരാരംഭിക്കാന്‍ തീരുമാനമായത്. നാട്ടുകൂട്ടായ്മയില്‍ താല്‍ക്കാലികമായി റോഡ് നന്നാക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഹംസക്കുട്ടി ഉറപ്പ് നല്‍കിയതിനാലാണ് സമരം പിന്‍വലിച്ചതെന്ന് ബസുടമാസംഘം ഭാരവാഹി ഹംസ ‘മാധ്യമ’ത്തോട് പറഞ്ഞു. കുഴികളില്‍വീണ് ബസുകള്‍ക്ക് കേടുപാട് സംഭവിക്കുന്നത് പതിവായതിനാലും ഇന്ധനചെലവ് കൂടുകയും സമയനഷ്ടം അനുഭവിക്കുന്നതിനാലുമാണ് സര്‍വിസ് നിര്‍ത്തി സമരം നടത്താന്‍ ബസുടമകളെ പ്രേരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ളതാണ് റോഡ്. മഴ മാറിയശേഷം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടും മറ്റ് ഫണ്ടുകള്‍ ലഭ്യമാക്കിയും പിന്നീട് റോഡ് നന്നാക്കാനാണ് തീരുമാനം. ഓണാഘോഷം പ്രമാണിച്ച് ജനങ്ങള്‍ക്കുള്ള യാത്രാക്ളേശം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മുന്‍കൈ എടുത്താണ് ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയത്. ബസുടമാസംഘം പ്രസിഡന്‍റ് ഹംസ, സെക്രട്ടറി കെ. മുഹമ്മദലി ഹാജി, പി. ജബ്ബാര്‍, ജോബിന്‍, വാര്‍ഡ് അംഗം ഒ. സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മണ്ണാര്‍മല ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരും ബസ് ജീവനക്കാരും ഓട്ടം നിര്‍ത്തിവെച്ച് ഏകദിനസമരം നടത്തിയിരുന്നു. മൂന്ന് വാര്‍ഡുകളിലെ ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ആശ്രയമായ പാത ടാറിങ് നടത്താന്‍ അധികൃതര്‍ തയാറാകാത്തതില്‍ നാട്ടുകാരില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.