മലപ്പുറം: പ്ളസ്വണ്‍ സ്കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് ശേഷമുള്ള സ്കൂള്‍തല ഒഴിവുകളിലേക്ക് ചൊവ്വാഴ്ച സ്പോട്ട് അഡ്മിഷന്‍ നടക്കും. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന 1021 സീറ്റുകളിലേക്കാണ് പ്രവേശം നല്‍കുക. മെറിറ്റ് അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക്ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രവേശ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ പ്രവേശം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ അസ്സല്‍ രേഖകളും ഫീസുമായി എത്തണം. അതേസമയം, ജില്ലയിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ചൊവ്വാഴ്ച സ്പോട്ട് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായാലും നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. വിദ്യാര്‍ഥികള്‍ പുറത്തായിരിക്കുമ്പോഴും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തടയണമെങ്കില്‍ ഒരുതവണ കൂടി പ്രവേശാവസരം നല്‍കേണ്ടി വരും. എന്നാല്‍, ഇതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിവിധ അലോട്ട്മെന്‍റുകള്‍ക്കുശേഷവും റിപ്പോര്‍ട്ട് ചെയ്യാത്ത കുട്ടികളുടെ എണ്ണം ആഗസ്റ്റ് 12ന് വൈകുന്നേരത്തോടെ നല്‍കാനായിരുന്നു ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം. എന്നാല്‍, 13ന് മാനേജ്മെന്‍റ് സീറ്റുകളിലേക്കും അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കും മൈനോറിറ്റി സീറ്റിലേക്കും വി.എച്ച്.എസ്.ഇയിലേക്കും മറ്റും ടി.സി വാങ്ങിപ്പോയവരുടെ എണ്ണം പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാനായിട്ടില്ല. അതിനാല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും കൂടുതല്‍ ഒഴിവുകളാണ് ജില്ലയിലുള്ളത്. 250ഓളം ഹയര്‍സെക്കന്‍ഡറി സ്കൂളുകളുള്ള മലപ്പുറം ജില്ലയില്‍ ഒരു സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരൊഴിവുണ്ടെങ്കില്‍ പോലും അത്രയും സീറ്റുകള്‍ ബാക്കിയാവും. ഇതിനുപുറമെ, സയന്‍സ് സീറ്റുകള്‍ ബാക്കിയാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഒഴിവുള്ള 1021സീറ്റുകളില്‍ 722 എണ്ണം സയന്‍സ് വിഭാഗത്തിലാണ്. ചില സ്കൂളുകളില്‍ 50ലേറെ സീറ്റുകളാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്. വിവിധ അലോട്ട്മെന്‍റുകള്‍ക്കുശേഷവും പ്രവേശം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ പൊതുവെ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. എന്നാല്‍, ഈ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ സീറ്റുകള്‍ കുറവാണ്. സയന്‍സ് സീറ്റുകളില്‍ പ്രവേശം നേടിയാല്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പഠനം പ്രയാസകരമാവുമെന്നതിനാലാണ് അവസാന അലോട്ട്മെന്‍റില്‍ ഇവര്‍ സയന്‍സ് ഗ്രൂപ്പിനെ കൈയൊഴിയുന്നത്. സ്കൂളുകളില്‍ ബാച്ച് അനുവദിക്കുന്നതിലെ അസമത്വമാണ് വിദ്യാര്‍ഥികള്‍ പ്രവേശം കിട്ടാതെ പുറത്തുനില്‍ക്കുമ്പോഴും സയന്‍സ് സീറ്റുകള്‍ ബാക്കിയാവുന്നതിന് പിന്നിലെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.