റബര്‍ വിലയിടിവ്, ഓണം; ഗ്രാമങ്ങളില്‍ ബ്ളേഡ് സംഘങ്ങള്‍ വിലസുന്നു

കരുവാരകുണ്ട്: അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും റബര്‍ വിലയിടിവും മുതലെടുത്ത് ഗ്രാമീണ മേഖലകളില്‍ വീണ്ടും വട്ടിസംഘങ്ങള്‍ പിടിമുറുക്കുന്നു. ഉള്‍ഗ്രാമങ്ങളിലെ നിര്‍ധന തൊഴിലാളി കുടുംബങ്ങളെയാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെുന്നവരുള്‍പ്പെടെയുള്ള വട്ടിപ്പലിശ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര വകുപ്പ് തുടങ്ങിയ ‘ഓപറേഷന്‍ കുബേര’ കെട്ടടങ്ങിയതോടെയാണ് ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമായത്. സ്വദേശികളായ വന്‍കിട കുബേരന്‍മാരെ അപേക്ഷിച്ച് തമിഴ്നാട്ടില്‍നിന്നത്തെുന്ന ‘അണ്ണന്‍ വട്ടി’ സംഘങ്ങളാണ് മലയോരങ്ങളില്‍ വന്‍പലിശ ഈടാക്കി ദരിദ്ര കുടുംബങ്ങളെ കെണിയില്‍പെടുത്തുന്നത്. റബര്‍ വിലയിടിവിനെ തുടര്‍ന്ന് വന്‍ എസ്റ്റേറ്റുകള്‍ മുതല്‍ ചെറിയ തോട്ടങ്ങള്‍ വരെ ടാപ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴക്കാലമായതിനാല്‍ മറ്റ് ജോലികളും നടക്കുന്നില്ല. നിര്‍മാണ മേഖല ഇതര സംസ്ഥാന തൊഴിലാളികള്‍ കൈയടക്കുകയും ചെയ്തു. ഇതോടെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ വറുതിയിലോ അര്‍ധ പട്ടിണിയിലോ ആണ്. ഇതിനിടെ വിദ്യാലയങ്ങള്‍ തുറക്കല്‍, ചെറിയ പെരുന്നാള്‍ തുടങ്ങിയ പണം ചെലവേറിയ സന്ദര്‍ഭങ്ങളും വന്നു. തൊട്ടുപിന്നാലെ ഓണം, ബലിപെരുന്നാള്‍ എന്നിവയും വരാനിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പണത്തിന് നെട്ടോട്ടമോടുന്ന കുടുംബങ്ങളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുകയാണ് വട്ടിപ്പലിശ സംഘങ്ങള്‍. ഇവര്‍ ആവശ്യക്കാരെതേടി വീടുകളിലത്തെുകയും 1000 മുതല്‍ 10,000 രൂപ വരെ ആവശ്യാനുസരണം നല്‍കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കാണ് വായ്പ നല്‍കുന്നത് എന്നതും വീടുകളിലത്തെി നല്‍കുന്നുവെന്നതും തിരിച്ചടവ് ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. ഈടോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ ഇവരെ പിടികൂടാനോ നടപടിയെടുക്കാനോ പൊലീസിന് കഴിയുന്നില്ല. വായ്പ വാങ്ങുന്ന കുടുംബങ്ങളുടെയും മറ്റും അടുത്ത സുഹൃത്തുക്കളായി പലിശക്കാര്‍ ഇടപഴകുന്നതിനാല്‍ ഇവരെക്കുറിച്ച സൂചനപോലും പൊലീസിന് നല്‍കാന്‍ കുടുംബങ്ങളും തയാറല്ല. എന്നാല്‍, വ്യവസ്ഥകളോ ഈടോ ഇല്ലാതെ ലഭിക്കുന്ന വായ്പക്ക് വന്‍തുകയാണ് പലിശ ഇനത്തില്‍ നല്‍കുന്നത്. തുക ചെറിയതായതിനാല്‍ അവരിത് അറിയുന്നില്ളെന്ന് മാത്രം. ആഘോഷങ്ങള്‍ അടുത്തതോടെ ഇവര്‍ കൂടുതല്‍ പിടിമുറുക്കിതുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.