‘വടിക്കാക്ക’ അധ്യാപക റോളില്‍ അഭ്രപാളിയിലേക്ക്

കൊണ്ടോട്ടി: ഊന്നുവടി വിതരണം ചെയ്ത് വയോധികര്‍ക്ക് താങ്ങാവുന്ന കൊണ്ടോട്ടിയുടെ ‘വടിക്കാക്ക’ അഭ്രപാളികളില്‍. നീറാട് സ്വദേശി പി.പി. അബ്ദുല്‍ മജീദെന്ന വടിക്കാക്കയാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിര്‍മിച്ച ഹ്രസ്വ ചലച്ചിത്രത്തില്‍ മാതൃകാ അധ്യാപകനായി വേഷമിട്ടത്. സ്കൂളിലേക്ക് പുറപ്പെട്ട കുട്ടി വീട്ടിലത്തൊത്ത സാഹചര്യത്തില്‍ കാരണങ്ങള്‍ തേടി പോവുന്ന അധ്യാപകന്‍, കുട്ടികളെ വഴിതെറ്റിക്കുന്ന സമൂഹത്തിന്‍െറ കള്ളക്കെണികള്‍ രക്ഷിതാക്കളോട് പറയുന്നതാണ് ചലച്ചിത്രത്തിന്‍െറ ഇതിവൃത്തം. കോഴിക്കോട്, വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 70 മിനിറ്റ് ചലച്ചിത്രത്തില്‍ സ്കൂള്‍ കുട്ടികളും അധ്യാപകനുമാണ് പ്രധാന വേഷങ്ങളില്‍. ‘മൈ സ്കൂള്‍’ എന്ന പേരിലുള്ള ഈ ചലച്ചിത്രം കേരളത്തിലെ എല്ലാ സ്കൂളുകളിലും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. 12 വര്‍ഷത്തിലേറെയായി വയോധികര്‍ക്ക് ഊന്നുവടി നല്‍കി വരികയാണ് മജീദ്. റോഡുകളില്‍ ചത്തുകിടക്കുന്ന ജീവികളെ കുഴിച്ച് മൂടിയും മലിനമായി കിടക്കുന്ന ബസ്സ്റ്റോപ്പുകള്‍ വൃത്തിയാക്കിയും ഇദ്ദേഹം മാതൃകയാണ്. ഇദ്ദേഹത്തിന്‍െറ പ്രവൃത്തികള്‍ പത്രത്തില്‍ വായിച്ചറിഞ്ഞ സിനിമാ പ്രവര്‍ത്തകരാണ് സിനിമയിലേക്ക് ക്ഷണിച്ചത്. അധ്യാപകനായിരുന്ന പിതാവിന് തന്നെയും അധ്യാപകനാക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഇത് നിറവേറ്റാന്‍ സാധിക്കാത്ത തനിക്ക് മാതൃകാധ്യാപകനായി അഭിനയിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും മജീദ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യം നല്‍കാതെ നിര്‍ബന്ധ പഠനത്തിന് വിധേയമാക്കുന്ന രക്ഷിതാക്കള്‍ക്കുള്ള പാഠമാണ് സിനിമയെന്നും അബ്ദുല്ല മാഷ് എന്ന അറബിക് അധ്യാപകനെ കുട്ടികള്‍ സ്വീകരിക്കുമെന്നും സംവിധായകന്‍ മന്‍സൂര്‍ പട്ടാമ്പി അഭിപ്രായപ്പെട്ടു. അബ്ദുല്ല മാഷായിട്ടാണ് നീറാട്ട് പന്തല്‍ ബിസിനസ് നടത്തുന്ന മജീദ് വേഷമിട്ടത്. കെ.ടി. വിഷന്‍െറ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.