നോക്കുകുത്തിയായി പുലാമന്തോള്‍ പൊലീസ് എയിഡ് പോസ്റ്റ്

പുലാമന്തോള്‍: പൊലീസ് തിരിഞ്ഞു നോക്കാതായതോടെ എയിഡ് പോസ്റ്റ് നോക്കുകുത്തിയാവുന്നു. പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡ് കോംപ്ളക്സില്‍ പ്രവര്‍ത്തിച്ചിരുന്ന എയിഡ് പോസ്റ്റാണ് നോക്കുകുത്തിയായത്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ചു കിട്ടിയ കെട്ടിടത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്. പുലാമന്തോളില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിച്ച് നല്‍കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. താല്‍ക്കാലിക പരിഹാരമെന്ന നിലക്കായിരുന്നു പൊലീസ് എയിഡ് പോസ്റ്റ് അനുവദിച്ചത്. പുലാമന്തോള്‍ ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സ് നിലവില്‍ വന്നപ്പോള്‍ ചില വ്യക്തികളുടെ താല്‍പര്യ പ്രകാരം പൊലീസ് എയിഡ് പോസ്റ്റ് ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റുകയായിരുന്നു. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സില്‍ ഗ്രാമപഞ്ചായത്തിനനുവദിച്ച് കിട്ടിയ കെട്ടിടത്തിലേക്ക് മാറ്റുകയാണെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ തീരുമാനത്തിന് വഴങ്ങി പൊലീസ് എയിഡ് പോസ്റ്റ് ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിലേക്ക് മാറ്റുന്നതിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിലെ പ്രവര്‍ത്തനോദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പെരിന്തല്‍മണ്ണ എസ്.ഐ ആയിരുന്ന മനോജ് പറയട്ട പ്രതിഷേധം പ്രകടിപ്പിച്ചവരെ അനുനയിപ്പിച്ചാണ് ബസ്സ്റ്റാന്‍ഡില്‍ എയിഡ് പോസ്റ്റിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആഘോഷ പരിപാടികള്‍ മാറ്റിവെച്ച ശേഷമായിരുന്നു പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്. ഒരു സബ് ഇന്‍സ്പെക്ടറെയും നാല് പൊലീസുകാരെയും ഒരു വാഹനവും പുലാമന്തോള്‍ എയിഡ് പോസ്റ്റിന് അനുവദിച്ചു നല്‍കാന്‍ ആവശ്യപ്പെടുമെന്ന് അന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാല്‍, പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ മാത്രമാണ് പൊലീസ് എയിഡ് പോസ്റ്റ് സജീവത നിലനിര്‍ത്തിയത്. ക്രമേണ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയില്‍ മാത്രമാണ് പൊലീസ് സേവനം ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.