മലപ്പുറം: മൃതദേഹം വിട്ടുനല്‍കാന്‍ സന്നദ്ധരായി 42 പേര്‍, നേത്രപടല ദാനത്തിന് തയാറായി 200 പേര്‍, രക്തദാനത്തിനൊരുങ്ങി ഗ്രാമം മുഴുവനും... ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ‘ചെറാട്ടുകുഴി മോഡല്‍ വിപ്ളവം’ തീര്‍ത്ത പുനര്‍ജനി സാന്ത്വനവേദി മനുഷ്യസ്നേഹത്തിന്‍െറ മറ്റൊരു മാതൃക കൂടി ഇന്നലെ സമര്‍പ്പിച്ചു. ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച മലപ്പുറത്ത് സംഘടിപ്പിച്ച സായാഹ്ന സംഗമത്തില്‍ പങ്കെടുത്ത നാലുപേര്‍ അവയവദാന പ്രഖ്യാപനം നടത്തിയാണ് മഹത്തായ ചുവടുവെപ്പിന് തുടക്കമിട്ടത്. ചെറാട്ടുകുഴി സ്വദേശികളായ ഇ.എ. ജലീല്‍, സി. കരുണാകരന്‍, കെ. ജയകുമാര്‍, കെ. വിനോദ് എന്നിവരാണ് അവയവദാനത്തിന് തയാറായി മുന്നോട്ടുവന്നത്. മലപ്പുറം നഗരസഭയിലെ 250ഓളം കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ചെറാട്ടുകുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷം മാത്രം പിന്നിടുമ്പോഴാണ് ഈ കാരുണ്യ കൂട്ടായ്മ സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നത്. 2013 മേയ് 25ന് രൂപവത്കരിച്ച പുനര്‍ജനിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനും ആഗസ്റ്റില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനും മൃതദേഹം കൈമാറിയിരുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് പുനര്‍ജനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ നിര്‍ദേശമനുസരിച്ച് അഞ്ച് വൈദ്യ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഒരു മൃതദേഹം എന്ന തോതില്‍ ലഭ്യമാവണം. എന്നാല്‍, 25 പേര്‍ക്ക് ഒന്ന് എന്ന തോതിലേ ഇപ്പോള്‍ മൃതദേഹങ്ങള്‍ പഠനാവശ്യത്തിന് ലഭിക്കുന്നുള്ളൂ. ചൈനയിലടക്കം വിദേശരാജ്യങ്ങളില്‍ ഒരു വിദ്യാര്‍ഥിക്ക് ഒന്ന് എന്ന കണക്കില്‍ ലഭ്യമാവുമ്പോഴാണിത്. സമൂഹത്തില്‍ മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ മികച്ച പഠനാവസരം ഒരുക്കണമെന്ന സാമൂഹിക ബാധ്യത ഏറ്റെടുത്താണ് പുനര്‍ജനി ശരീരദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്‍റ് ടി. ശ്രീധരന്‍, സെക്രട്ടറി ഇ.എ. ജലീല്‍ എന്നിവര്‍ പറഞ്ഞു. മസ്തിഷ്ക മരണം, അപകട മരണം എന്നിവ സംഭവിച്ചവരുടെ അവയവങ്ങള്‍ സഹജീവിയുടെ നിലനില്‍പ്പിനായി കൈമാറുകയെന്നതാണ് മഹത്തരമെന്ന സന്ദേശം കൂടി ഇവര്‍ കൈമാറുന്നു. മൂന്നുമാസം മുമ്പ് മരിച്ച പാലൊളിക്കുന്നത്ത് രാമദാസിന്‍െറ നേത്രപടലം അല്‍സലാമ കണ്ണാശുപത്രിക്ക് കൈമാറിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്, കോംട്രസ്റ്റ്, അഹല്യ, അല്‍സലാമ എന്നിവയുമായി നേത്രദാനത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും കര്‍മനിരതരായ രക്തദാന സേനയും പുനര്‍ജനിക്ക് കീഴിലുണ്ട്. ചെറാട്ടുകുഴി സ്വദേശികള്‍ക്ക് സൗജന്യ സേവനമായി മൊബൈല്‍ ഫ്രീസറും പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും ഓഫിസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.