കാത്തിരിപ്പിന് ഫുള്‍ സിഗ്നല്‍; മലപ്പുറം ഇനി വൈ–ഫൈ സിറ്റി

മലപ്പുറം: സൗജന്യ വൈ-ഫൈ കണക്ഷന് വേണ്ടിയുള്ള ജില്ലാ ആസ്ഥാനത്തിന്‍െറ കാത്തിരിപ്പിന് അറുതിയാവുന്നു. നഗരസഭ പൊതുജനങ്ങള്‍ക്ക് ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 21ന് നടക്കും. നഗരസഭാ പരിധിയിലെ അഞ്ച് കിലോമീറ്ററോളം ചുറ്റളവില്‍ സിഗ്നല്‍ ലഭ്യമാവും. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം ഇനി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. പൗരന്മാര്‍ക്ക് സൗജന്യമായി വൈ-ഫൈ കണക്ഷന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ തദ്ദേശസ്ഥാപനം എന്ന ഖ്യാതി ഇതോടെ മലപ്പുറം നഗരസഭക്ക് സ്വന്തമാവുമെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. കോട്ടപ്പടിയിലും കുന്നുമ്മലിലുമാണ് ആദ്യഘട്ടത്തില്‍ സിഗ്നല്‍ ലഭിക്കുക. റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരേസമയം ആയിരക്കണക്കിന് പേര്‍ക്ക് വൈ-ഫൈ ഉപയോഗിക്കാനാവും. ഒരുകോടി 41 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ട് പ്രദേശങ്ങളിലുമായി 30ലധികം ഹൈ പവര്‍ ആന്‍റിനകള്‍ സ്ഥാപിച്ചു വരികയാണ്. കോട്ടപ്പടിയില്‍ നഗരസഭയുടെ ബി ബ്ളോക്കില്‍ സെര്‍വര്‍ റൂം ഉള്‍ക്കൊള്ളുന്ന വിപുലമായ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ശക്തമായ നിരീക്ഷണത്തോടെയും നിയന്ത്രണത്തോടെയുമാണ് വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നത് തടയും. അശ്ളീല വൈബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്യും. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും നിയന്ത്രിക്കും. 21ന് ഉച്ചക്ക് മുനിസിപ്പല്‍ ഓഫിസ് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ തയാറാക്കിയ സ്കൂള്‍ സോഫ്റ്റ്വെയര്‍ മന്ത്രി എ.പി. അനില്‍കുമാറും രോഗികള്‍ക്ക് ചികിത്സാവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഇ-ഹെല്‍ത്ത് ആപ്ളിക്കേഷന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.