മലപ്പുറം: പെരുവള്ളൂര്‍ പഞ്ചായത്തിനെ ലഹരി വിമുക്തമാക്കാനുള്ള ‘ലഹരി മുക്ത പെരുവള്ളൂര്‍ യജ്ഞം’ അന്തിമ ഘട്ടത്തില്‍. ലഹരിക്കെതിരെ ജനങ്ങളെ ബോധവത്കരിച്ചും ചാരായ വാറ്റിനും അനധികൃത ലഹരി വില്‍പനക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചും പഞ്ചായത്തിനെ ലഹരി വിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെരുവള്ളൂരിനെ ലഹരിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. മികച്ച പ്രവര്‍ത്തനം നടത്തുന്ന ക്ളബുകള്‍ക്ക് ഉപഹാരവും നല്‍കും. ഇതിന് മുന്നോടിയായി പൊലീസ്, എക്സൈസ്, ആരോഗ്യം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി ഗ്രാമപ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മുന്നറിയിപ്പും അവബോധവും നല്‍കി വരികയാണ്. എക്സൈസ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ഫിലിം പ്രദര്‍ശനവും സ്കൂളുകളില്‍ ബോധവത്കരണ ക്ളാസും നടത്തുന്നുണ്ട്. ‘ഗ്രാമസഞ്ചാരം’ എന്നാണ് പ്രവര്‍ത്തനത്തിന് പേരിട്ടിരിക്കുന്നത്. ഇതിന് പുറമെ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വിളംബര ജാഥ, അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി, ക്ളബുകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം എന്നിവ നടത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികള്‍, മത സമുദായ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. വ്യാജ മദ്യവില്‍പനയും ചാരായ വാറ്റും സജീവമായിരുന്ന പെരുവള്ളൂരിലെ ചില പ്രദേശങ്ങളില്‍ ഇടപെടല്‍ കാരണം മാറ്റം ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി പറഞ്ഞു. പ്രഖ്യാപന പരിപാടിയുടെ സംഘാടനത്തിനായി 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പൊതുപ്രവര്‍ത്തകര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, മത-സാമുദായിക സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ളബ് വളന്‍റിയര്‍മാര്‍, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി-ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ അംഗങ്ങളായ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.